മംഗലംഡാം: ഡാമിനടുത്ത് ഉപ്പുമണ്ണിൽ കുന്നിൻചെരിവായ ഭൂമി പിളർന്ന് ഒന്നരമാസമായി ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ നില്ക്കുന്പോൾ വിദഗ്ധസംഘം പരിശോധനയ്ക്ക് എത്താമെന്ന് അറിയിച്ചിട്ടുള്ളത് ഈമാസം 29ന് മാത്രം.
തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽ നിന്നുള്ള ശാസ്ത്രസംഘമാണ് 29ന് ഉപ്പുമണ്ണിൽ എത്തുമെന്നു പറഞ്ഞിട്ടുള്ളത്. തീയതി ഇനിയും നീണ്ടുപോകുമോ എന്ന ആശങ്കയും റവന്യു അധികൃതർക്കുണ്ട്.
ഈമാസം പത്തിനുമുന്പ് സ്ഥലത്തെത്തി പരിശോധന നടത്താമെന്നായിരുന്നു മുന്പ് പറഞ്ഞിരുന്നത്. അതിനുമുന്പും പലതവണ തീയതികൾ മാറ്റിയിരുന്നു. സംഘം പരിശോധന നടത്തി റിപ്പോർട്ട് നല്കിയാൽ മാത്രമേ ഇതിലൂടെ നിരോധിച്ചിട്ടുള്ള ബസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം പുനഃസ്ഥാപിക്കാനാകൂ.
പേമാരിയുണ്ടായ കഴിഞ്ഞമാസം 17ന് രാവിലെയാണ് രണ്ടേക്കറോളം വരുന്ന കുന്നിൻചെരിവായ കൃഷിയിടത്തിൽ അർധവൃത്താകൃതിയിൽ വലിയ വിള്ളൽ കാണപ്പെട്ടത്. ഇതിനൊപ്പം സമീപത്തെ ജാനു വേലായുധന്റെ വീടിനു വിള്ളലുണ്ടായി തകർന്നു. ഇവരുടെ വീട്ടുമുറ്റത്തെ കിണറിലും മണ്ണിടിച്ചിലുണ്ടായി.
റവന്യൂ, ജില്ലാ ജിയോളജി, പോലീസ് തുടങ്ങിയ വകുപ്പുമേധാവികൾ സ്ഥലത്തെത്തി കുന്നിനു താഴെയും പരിസരപ്രദേശത്തുമുള്ള ഇരുപതിലേറെ കുടുംബങ്ങളോട് അടിയന്തിരമായി മാറി താമസിക്കാനും ആവശ്യപ്പെട്ടു.ഇരുഭാഗത്തെയും വാഹനഗതാഗതം ബോർഡ് വച്ച് പോലീസ് നിരോധിച്ചു. ഇത്രയും ദിവസം വിദ്യാർഥികളും മറ്റു യാത്രക്കാരും ടൗണുകളിലെത്താൻ ഏറെ കിലോമീറ്ററുകൾ നടന്നുവലയുകയാണ്.
കൃഷിയിടത്തിലെ വിള്ളലിനൊപ്പം കുന്നിനടിയിൽനിന്നും രൂപപ്പെട്ട ഉറവയും ഇപ്പോൾ വറ്റി. മഴയില്ലാത്തതിനാൽ അപകട സാധ്യതയില്ലെന്നു പറയുന്നുണ്ടെങ്കിലും വാഹനഗതാഗതം പുനഃസ്ഥാപിക്കാനും വീടുകളിൽ താമസം തുടങ്ങാനും ആധികാരികമായി പറയാൻ അധികൃതരും തയാറാകുന്നില്ലെന്നാണ് ആക്ഷേപം.