അടിമാലി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലജ് ഓഫീസറും സ്പെഷൽ വില്ലേജ് ഓഫീസറും വിജിലൻസിന്റെ പിടിയിൽ.
വട്ടവട വില്ലേജ് ഓഫീസർ ഇരുന്പുപാലം സ്വദേശി എം.എം. സിയാദ് (40), സ്പെഷൽ വില്ലേജ് ഓഫീസർ ചേർത്തല സ്വദേശി പി.ആർ. അനീഷ് (39) എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
സിയാദിൽ നിന്നു ഒരുലക്ഷം രൂപയും അനീഷിൽ നിന്നു 15,000 രൂപയും കണ്ടെടുത്തു.
വട്ടവട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നു വാങ്ങിയ യൂക്കാലിപ്സ്, ഗ്രാന്റിസ് മരങ്ങൾ വെട്ടിക്കൊണ്ടു പോകുന്നതിന് പാസിനായി പരാതിക്കാരൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ പാസ് അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടെന്നു പറഞ്ഞ് അപേക്ഷയിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും നിയമാനുസൃത ഫീസിനൊപ്പം ഒരു ലക്ഷം രൂപ വില്ലേജ് ഓഫീസർക്കും 20,000 രൂപ വില്ലേജ് അസിസ്റ്റന്റുമാർക്കും നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
50,000 രൂപ ആദ്യഗഡുവായി നൽകാമെന്ന് പറഞ്ഞെങ്കിലും മൊത്തം തുകയും ഒരുമിച്ച് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.ആർ.രവികുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ജയകുമാർ, എസ്.ബി. മഹേഷ് പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.