കോട്ടയം: മാടപ്പള്ളിക്കു പിന്നാലെ പാറന്പുഴ നട്ടാശേരി കുഴിയാലിപ്പടിയിലും കെ-റെയിൽ സമരം ശക്തമാകുന്നു.
ഇന്നലെ രാവിലെ മുന്നറിയിപ്പില്ലാതെയെത്തി പുരയിടങ്ങളിലും മറ്റും സ്ഥാപിച്ച കല്ലുകൾ നാട്ടുകാരും സമരക്കാരും ചേർന്ന് പിഴുതെടുത്തു.
പിഴുതെടുത്ത കല്ല് കുഴിയാലിപ്പടി പ്രദേശം ഉൾപ്പെടുന്ന പെരുന്പായിക്കാട് വില്ലേജ് ഓഫീസിനു മുന്പിൽ സ്ഥാപിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്.
സർവേ നിർത്തിവച്ചെന്ന വാർത്തകൾ നിലനിൽക്കുന്നതിനിടയിൽ ഇന്നലെ രാവിലെ 7.30നാണ് വൻ പോലീസ് സന്നാഹത്തോടെ കുഴിയാലിപ്പടയിൽ കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയത്. പന്ത്രണ്ടോളം കല്ലുകൾ സ്ഥാപിച്ചതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്.
തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും സമരമസമിതിയംഗങ്ങളും പ്രതിഷേധവുമായി എത്തി. കല്ലുകൾ ഇനി ഇടാൻ അനുവദിക്കില്ലെന്ന നിലാപടെടുത്തു.
കുഴച്ചിട്ട കല്ലുകൾ പിഴുതെടുത്തു അധികൃതർ കല്ലുകൊണ്ടുവന്ന ലോറിയിൽ തന്നെ കല്ല് നിക്ഷേപിച്ച് തിരച്ചയിപ്പിച്ചു. തുടർന്ന് പിഴുതെടുത്ത കല്ലുമായി പ്രതിഷേധ പ്രകടനം നടത്തുകയും വില്ലേജ് ഓഫീസിനു മുന്പിൽ സ്ഥാപിക്കുകയുമായിരുന്നു.
പിഴുതെടുത്ത കല്ല് മീനച്ചിലാറ്റിലും ഒഴുക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും നഗരസഭ കൗണ്‍സിലർമാരും സമരസ്ഥലത്ത് എത്തിയിരുന്നു. ഇവിടെ കോട്ടയം നഗരസഭയുടെ നാലുവാർഡുകളിലെ ഇരുനൂറോളം വീടുകളാണ് നഷ്ടമാകുന്നത്.