കൊടകര: കേരളത്തിലെ ചെറുപ്പക്കാർ മാതൃകയാക്കേണ്ടതാണ് അയ്യങ്കാളിയെ പോലെ സാമൂഹ്യനീതിക്ക് വേണ്ടി പോരാടിയവരെയാണെന്ന് നടൻ ദേവൻ. കെപിഎംഎസ് ആളൂർ യൂണിയൻ സംഘടിപ്പിച്ച വില്ലുവണ്ടി യാത്രയുടെ 125-ാം വാർഷികാഘോഷം സ്മൃതി പഥം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ അടിയാളജനതയ്ക്ക് പുല്ലുവിലപോലും കല്പിക്കാത്ത കാലത്താണ് 125 വർഷങ്ങൾക്ക് മുന്പ് മഹാത്മ അയ്യങ്കാളി ജാതിയതയ്ക്കും ജന്മിത്വത്തിനുമെതിരെ വില്ലുവണ്ടി പായിച്ച് വിപ്ലവം രചിച്ചത്. നവോത്ഥാന കാലഘട്ടത്തിൽ ആരുടെയും പിൻബലമില്ലാതെ ചങ്കൂറ്റം മാത്രം കൈമുതലാക്കി സമര രംഗത്ത് ജ്വലിച്ച് നിന്ന ഉദയ സൂര്യനാണ് അയ്യങ്കാളിയെന്ന് ദേവൻ പറഞ്ഞു.
കെപിഎംഎസ് ഏരിയാ പ്രസിഡന്റ് പി.സി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ സൈൻ, ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ, ബ്ലോക്ക് അംഗം പി.സി.ഷണ്മുഖൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി.ലാലു, ബിന്ദു ഷാജു, പി.സി.കരുണൻ, ടി.എസ്.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.കെപിഎംഎസ് ജില്ലാ സെക്രട്ടറി പി.എ.അജയ്ഘോഷ് സന്ദേശം നല്കി.
സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പോൾക്കോക്കാട്ട്, ഷാഹുൽ ഹമീദ് എന്നിവരെ കെ.യു. അരുണൻ എംഎൽഎ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. ഘോഷയാത്രയ്ക്കുശേഷം തുടർന്ന് ചാലക്കുടി ഒരുമ കലാവേദി അവതരിപ്പിച്ച കലാ സസ്യയും ഉണ്ടായി