ഏഴ് വര്‍ഷം മുമ്പ് കാണാതാകുമ്പോള്‍ വില്യം ടൈറലിന് പ്രായം മൂന്ന് വയസായിരുന്നു. ഇപ്പോള്‍ അവന് പത്ത് വയസുകാരനായിട്ടുണ്ട്.
പക്ഷേ, അവന് എവിടെയാണെന്ന് ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. 2014 ലാണ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ മുത്തശിയുടെ വീട്ടില്‍ നിന്നും വില്യമിനെ കാണാതാകുന്നത്.
ഏറെ സന്തോഷത്തിലായിരുന്ന കുട്ടി
ന്യൂ സൗത്ത് വെയില്‍സിന്റെ നോര്‍ത്ത് കോസ്റ്റിലെ കെന്‍ഡലിലെ വനത്തിന്റെ അരികിലുള്ള വളര്ത്തുമുത്തശ്ശിയെ കാണാനാണ് വില്യമിന്റെ വളര്‍ത്തു മാതാപിതാക്കള്‍ അവനെയും അഞ്ചുവയസ്സുള്ള സഹോദരിയെയും കൊണ്ടു പോയത്.
അവിടെ ഫോണിന് സിഗ്നല്‍ കിട്ടാത്തതിനാല്‍ അവന്റെ പിതാവ് ഒരു ബിസിനസ് കോളിന് നല്ല സിഗ്നല്‍ കണ്ടെത്താനായി പുറത്തേക്ക് പോയിരിക്കുകയായിരുന്നു.
അപ്പോള്‍ വില്യം അവന്റെ പ്രിയപ്പെട്ട സ്പൈഡര്മാന് വേഷം ധരിച്ച് ചായ കുടിക്കുന്നതും അവന്റെ സഹോദരി വീടിന് ചുറ്റുമുള്ള പൂന്തോട്ടത്തില്‍ ഒളിച്ചു കളിക്കുന്നതും നോക്കി അവന്റെ അമ്മയും മുത്തശ്ശിയും ചായ കുടിച്ചിരിക്കുകയായിരുന്നു.പിന്നീട് എന്ത് സംഭവിച്ചു എന്നതിനാണ് ഉത്തരമില്ലാത്തത്.
പൂന്തോട്ടത്തില്‍ തെരയുന്നു
ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം വില്യം ടൈറലിനെ അവസാനമായി കണ്ട പൂന്തോട്ടം പോലീസ് കുഴിക്കുകയാണ്.
നൂറുകണക്കിന് ഉദ്യോഗസ്ഥരും ഡസന്‍ കണക്കിന് റൂറല്‍ ഫയര്‍ സര്‍വീസ് വോളന്റിയര്‍മാരും കെന്‍ഡലിലെ വളര്‍ത്തു മുത്തശ്ശിയുടെ വീടിന് ചുറ്റുമുള്ള പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്.
അന്വേഷകര്‍ രണ്ടാം നിലയിലെ ബാല്‍ക്കണിക്ക് താഴെയുള്ള പൂന്തോട്ടം കുഴിച്ച് അഴുക്ക് അരിച്ചെടുക്കുകയാണ്. രക്തത്തിന്റെ അംശം കണ്ടെത്തുന്ന ഒരു രാസവസ്തു ഉപയോഗിച്ച് വില്യമിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സൂചനകളും അവര്‍ തേടുന്നുണ്ട്.
എന്തെങ്കിലും തുമ്പ് കിട്ടിയോ?
എന്തായാലും ഏഴു വര്‍ഷത്തിനുശേഷം പോലീസ് വളരെ ആവേശത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസിന് കാര്യമായി താല്‍പ്പര്യമുള്ള മൂന്ന് സ്ഥലങ്ങളിലാണ് അന്വേഷണം.
അന്വേഷകരില്‍ ഒരു പുരാവസ്തു ഗവേഷകനും മനുഷ്യാവശിഷ്ടങ്ങളില് നിന്നും തെളിവുകള്‍ കണ്ടെത്തുന്ന വിദഗ്ധനും ഉള്‍പ്പെടെയുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് ഡാരന്‍ ബെന്നറ്റ് തെരച്ചില്‍ പുതിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അണ്ടര്‍ഗ്രൗണ്ടിലേക്ക് പോകുമെന്നും അതുപോലെ തന്നെ ‘പ്രത്യേക സഹായവും’ പുതിയ സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അവശിഷ്ടങ്ങള്‍ക്കായി തെരയുന്നു
‘ഞങ്ങള്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ അത് ഒരു ശരീരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്,’ അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ വില്യം ടൈറലിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരയുകയാണ്.
‘നിരവധി തെളിവുകളുടെ സമഗ്രമായ സ്വഭാവമാണ്’ തെരച്ചിലിനെ നയിക്കുന്നതെന്നും ചീഫ് സൂപ്രണ്ട് ബെന്നറ്റ് കൂട്ടിച്ചേര്‍ത്തു.
2014 സെപ്റ്റംബര്‍ 11 ന്, തന്റെ വളര്ത്തുമുത്തശ്ശിയുടെ പൂന്തോട്ടത്തില്‍ ഒളിച്ചു കളിക്കുന്നതിനിടയില്‍ പകല്‍ വെളിച്ചത്തില്‍ അപ്രത്യക്ഷനായപ്പോള്‍ വില്യം ഒരു സ്പൈഡര്മാന് വേഷത്തിലായിരുന്നു.
അവന്റെ അമ്മ ഒടുവിലായി ഓര്‍ക്കുന്നത് തന്റെ മകന് വീടിന്റെ വശത്തുകൂടി ഒളിക്കാന്‍ ഓടിയപ്പോള്‍ കടുവയുടെ അലര്‍ച്ച അനുകരിക്കുന്നത് കേള്‍ക്കുന്നതാണ്.
വില്യമിന്റെ തിരോധാനത്തിനു ശേഷമുള്ള വര്‍ഷങ്ങളില്‍ പോലീസ് നിരവധി പ്രതികളെ ചോദ്യം ചെയ്തു. എന്നാല്‍ ഓരോ വ്യക്തിയും ഒടുവില്‍ ഒഴിവാക്കപ്പെട്ടു.