തലശേരി: നഗരമധ്യത്തിലെ ബാങ്കിനുള്ളിൽ ജീവനക്കാരി വെടിയേറ്റുമരിച്ച സംഭവത്തില്‍ പത്ത് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച കേസിന്റെ അന്വേഷണമാണ് പാതിവഴിയില്‍ നിലച്ചത്. മകളുടെ മരണം സംബന്ധിച്ച അന്വേഷണം നിലച്ചെന്നും അടിയന്തരമായി ഇടപെടണമെന്നും കാണിച്ച് വില്‍നയുടെ മാതാവ് സുധ ഉന്നത ഉദ്യാഗസ്ഥര്‍ക്ക് നല്കിയ പരാതിക്കും മറുപടിയില്ല.
കേസില്‍ വഴിത്തിരിവാകുമെന്ന് കരുതിയിരുന്ന ടെസ്റ്റ് ഫയര്‍ നടത്താന്‍ പോലും അധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.
ടെസ്റ്റ് ഫയര്‍ നടക്കാത്തത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുമുണ്ട്. സംഭവത്തില്‍ ദുരൂഹതയുളവാക്കിക്കൊണ്ടുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ടെസ്റ്റ് ഫയര്‍ നടത്തുന്നതിനായി തിരുവന്തപുരത്തു നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം തേടിയത്. 2016 ജൂണ്‍ രണ്ടിന് രാവിലെ 9.50 നാണ് വില്ന വിനോദ് ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ചത്.
സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനെ (51) പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികത കണ്ടെത്തിയതോടെയാണ് ഈ കേസില്‍ കൂടുതല്‍ ദുരൂഹതയുയര്‍ന്നത്.പരിയാരം മെഡിക്കല്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന് തലവനും പോലീസ് സര്‍ജനുമായ ഡോ.ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് തല ചിതറിയതില്‍ അസ്വാഭാവികത കണ്ടെത്തിയത്. ഒരു മീറ്ററിനപ്പുറത്തു നിന്നാണ് വെടിയുതിര്‍ന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
എന്നാല്‍ ഈ അകലത്തില്‍ വെടി ഉതിര്‍ന്നാല്‍ തലയോട്ടിയും തലച്ചോറും ചിതറിപ്പോകുന്ന തരത്തിലുള്ള പരിക്കേല്‍ക്കില്ലെന്നാണ് ഡോ.ഗോപാലകൃഷ്ണപ്പിള്ളയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ അകലത്തില്‍ നിന്നും വെടിയുതിര്‍ന്നാല്‍ പെല്ലറ്റ് തുളച്ചുകയറുകയും തലക്കുള്ളില്‍ പരിക്കേല്‍ക്കുകയുമാണ് ചെയ്യുക. എന്നാല്‍ ഇവിടെ തല ചിതറിപ്പോകുകയാണ് ചെയ്തിട്ടുള്ളത്. ഇതില്‍ അസ്വാഭാവീകതയുണ്ടെന്നും ഫോറന്‍സിക് സംഘം വിലയിരുത്തിയിരുന്നു. സാധാരണ നിലയില്‍ ഇത്തരം കേസുകളില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇവിടെ കാണുന്നത്.അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ടെസ്റ്റ് ഫയര്‍ നടത്തമമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേതുടര്‍ന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി വെടിപൊട്ടിയ ഡബിള്‍ ബാരല്‍ തോക്ക് കോടതിയുടെ അനുമതിയോടെ കുടുതല്‍ പരിശോധനയ്ക്കായി തിരുവന്തപുരത്തേക്ക് അയയ്ക്കുകയും ചെയ്തു. തോക്ക് ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധിച്ച ശേഷം ടെസ്റ്റ്ഫയര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇതുവരെ ടെസ്റ്റ് ഫയര്‍ നടന്നിട്ടില്ല.
ഇതിനിടയില്‍ വില്‍നയുടെ മരണത്തില്‍ 68,62,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വില്‍നയുടെ മാതാവ് മേലൂരിലെ പുതിയാണ്ടി വീട്ടില്‍ സുധയും വില്‍നയുടെ ഭര്‍ത്താവ് പുന്നോല്‍ കൊമ്മല്‍വയല്‍ പൂജ ഹൗസില്‍ സംഗീതും അഡ്വ.ഒ.ജി പ്രേമരാജന്‍ മുഖാന്തിരം നല്കിയ ഹരജിയും കോടതിയുടെ പരിഗണനയിലാണുള്ളത്. മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വില്ന തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരിയല്ലെന്നുമാണ് ബാങ്ക് അധികൃതര്‍ സ്വകരിച്ചിട്ടുള്ള നിലപാട്. ഇക്കാര്യം നേരത്തെ കോടതിയെയും ഇന്‍ഡ്രസ്ട്രിയല്‍ ട്രൈബ്യൂണലിനേയും അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.
തൊഴിലാളി നഷ്ടപരിഹാര നിയമം 1923 ലെ സെക്ഷന്‍ 4 പ്രകാരം വില്‍നയുടെ മരണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക കെട്ടിവയ്ക്കുന്നതിനായിട്ട് ട്രൈബ്യൂണല്‍ ബാങ്കിന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിലാണ് വില്ന വിനോദ് ബാങ്കിലെ ജീവനക്കാരിയല്ലെന്ന് ബാങ്ക് അധികൃതര്‍ ട്രൈബ്യൂണലിനെ അറിയിച്ചത്.ബാങ്കിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയാണ് വില്നയെന്നായിരുന്നു സംഭവ ദിവസം ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. സംഭവത്തിന് ഒരു മാസം മുമ്പാണു വില്ന ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി ജോലിക്കു കയറിയത്.