നവാസ് മേത്തര്‍
തലശേരി: നഗരമധ്യത്തില്‍ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ടെസ്റ്റ്ഫയര്‍ നടക്കില്ല. ആഭ്യന്തര വകുപ്പില്‍ ഇതിനുള്ള സംവിധാനമില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങളോ പ്രക്ഷോഭങ്ങളോ ഇല്ലാത്തതിനാല്‍ കേസിലെ ദുരൂഹതകള്‍ നീക്കാന്‍ സമ്മര്‍ദ്ദവുമില്ല.
ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച കേസിലാണ് രണ്ടര വര്‍ഷം പിന്നിടുമ്പോഴും ടെസ്റ്റ് ഫയറില്‍ തട്ടി അന്വേഷണം മരവിച്ചിരിക്കുന്നത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ടെസ്റ്റ് ഫയര്‍ നടത്തുന്നതിനായി തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം തേടിയത്. പലതവണ ടെസ്റ്റ് ഫയര്‍ നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നുള്ള അന്വാഷണത്തിലാണ് ടെസ്റ്റ്ഫയറിന് സംവിധാനമില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷണസംഘത്തെ അറിയിച്ചത്.
വെടിവെപ്പ് നടന്ന ബാങ്കില്‍ പരിയാരം മെഡിക്കല്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന് തലവനും പോലീസ് സര്‍ജനുമായ ഡോ.ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവീകത കണ്ടെത്തിയിരുന്നു. ദുരൂഹത നീക്കാന്‍ ടെസ്റ്റ്ഫയര്‍ നടത്തണമെന്ന് ഡോ.ഗോപാലകൃഷ്ണപ്പിള്ള നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഒരു മീറ്ററിനപ്പുറത്തു നിന്നാണ് വെടിയുതിര്‍ന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍ ഈ അകലത്തില്‍ വെടി ഉതിര്‍ന്നാല്‍ തലയോട്ടിയും തലച്ചോറും ചിതറിപ്പോകുന്ന തരത്തിലുള്ള പരിക്കേല്‍ക്കില്ലെന്നാണ് ഡോ.ഗോപാലകൃഷ്ണപ്പിള്ളയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ അകലത്തില്‍ നിന്നും വെടിയുതിര്‍ന്നാല്‍ പെല്ലറ്റ് തുളച്ചുകയറുകയും തലയ്ക്കുള്ളില്‍ പരിക്കേല്‍ക്കുകയുമാണ് ചെയ്യുക.
എന്നാല്‍ ഇവിടെ തല ചിതറിപ്പോകുകയാണ് ചെയ്തിട്ടുള്ളത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, 1.7 മീറ്റര്‍ ദൂരത്തിലാണ് സെക്യൂരിറ്റി ജാവനക്കാരനുണ്ടായിരുന്നതെന്നും തോക്കിന് ഒരു മീറ്റര്‍ നീളമുണ്ടെന്നും 70 സെന്റി മീറ്റര്‍ അകലത്തില്‍ നിന്നാണ് വെടി ഉതിര്ത്തിട്ടുള്ളതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അതിനിടെ, സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്നു തന്നെയാണ് വെടി ഉതിര്ന്നിട്ടുള്ളതെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭവസ്ഥലത്തു നിന്നു ലഭിച്ച വെടിയുണ്ട സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്നുള്ളത് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഇനി സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കിന്റെ പരിശോധന ഫലമാണ് ഫോറന്‍സിക് ലാബില്‍ നിന്നും ലഭിക്കാനുള്ളത്. വില്‍നയുടെ മരണത്തില്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വില്‍നയുടെ ഭര്‍ത്താവ് പുന്നോല്‍ കൊമ്മല്‍വയല്‍ പൂജ ഹൗസില്‍ സംഗീത് അഡ്വ.ഒ.ജി പ്രേമരാജന്‍ മുഖാന്തിരം നല്കിയ ഹർജി കോടതിയുടെ പരിഗണനയിലാണുള്ളത്.
നഷ്ടപരിഹാര ഹരജിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കെട്ടി വെക്കേണ്ട തുക ഒഴിവാക്കി തരണമെന്ന സംഗീതിന്റെ ഹരജിയും കോടതിയുടെ പരിഗണനയിലാണ്. മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വില്ന തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരിയല്ലെന്നുമാണ് ബാങ്ക് അധികൃതര്‍ സ്വകരിച്ചിട്ടുള്ള നിലപാട്. ഇക്കാര്യം നേരത്തെ കോടതിയെയും ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിനേയും അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.