തലശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരുവർഷം പിന്നിട്ടിട്ടും ദുരൂഹത നീങ്ങിയില്ല. അന്വേഷണം നിലച്ചു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. 2016 ജൂണ് രണ്ടിന് രാവിലെ 9.50 നാണ് ലോഗൻസ് റോഡിലെ റാണി പ്ലാസയിൽ പ്രവർത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയിൽസ് സെക്ഷൻ ജീവനക്കാരിയായ പുന്നോലിലെ വിൽന വിനോദ് (31) ബാങ്കിനുള്ളിൽ വെടിയേറ്റു മരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ദുരൂഹതയുയർത്തി ഫോറൻസിക് റിപ്പോർട്ട് വന്നതോടെയാണ് സംഭവം വിവാദമായത്.വെടിവെപ്പ് നടന്ന ബാങ്കിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വെടിയേറ്റ് വിൽനയുടെ തല ചിതറിയതിൽ അസ്വഭാവികത കണ്ടെത്തിയതോടെയാണ് ഈ കേസിൽ കൂടുതൽ ദുരൂഹതയുളവായിരുന്നത്.
പരിയാരം മെഡിക്കൽ മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ തലവനും പോലീസ് സർജനുമായ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് തല ചിതറിയതിൽ അസ്വാഭാവികത കണ്ടെത്തിയത്. ഒരു മീറ്ററിനപ്പുറത്തു നിന്നാണ് വെടിയുതിർന്നതെന്നാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. എന്നാൽ ഈ അകലത്തിൽ വെടി ഉതിർന്നാൽ തലയോട്ടിയും തലച്ചോറും ചിതറിപ്പോകുന്ന തരത്തിലുള്ള പരിക്കേൽക്കില്ലെന്നാണ് ഡോ. ഗോപാലകൃഷ്ണപിള്ളയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടിരുന്നു.
ഈ അകലത്തിൽ നിന്നും വെടിയുതിർന്നാൽ ബുള്ളറ്റ് തുളച്ചുകയറുകയും തലക്കുള്ളിൽ പരിക്കേൽക്കുകയുമാണ് ചെയ്യുക. എന്നാൽ ഇവിടെ തല ചിതറിപ്പോകുകയാണ് ചെയ്തിട്ടുള്ളത്. ഇതിൽ അസ്വാഭാവികതയുണ്ടെന്നും ഫോറൻസിക് സംഘം വിലയിരുത്തി. സാധാരണ നിലയിൽ ഇത്തരം കേസുകളിൽ സംഭവിക്കാൻ പാടില്ലാത്തതാണ് ഇവിടെ കാണുന്നതെന്നും അതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ ടെസ്റ്റ് ഫയർ നടത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതേത്തുടർന്ന് ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ ടെസ്റ്റ് ഫയർ നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെടിപൊട്ടിയ ഡബിൾ ബാരൽ തോക്ക് കോടതിയുടെ അനുമതിയോടെ കുടുതൽ പരിശോധനക്കായി തിരുവനന്തപുരത്തേക്കയക്കുകയും ചെയ്തു. തോക്ക് ബാലിസ്റ്റിക് വിദഗ്ധർ പരിശോധിച്ച ശേഷം ടെസ്റ്റ്ഫയർ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞിട്ടും ഇതുവരെ ടെസ്റ്റ് ഫയർ നടത്തിയില്ല.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂർ ഹരിശ്രീയിൽ ഹരീന്ദ്രന് (51) കോടതി ജാമ്യം അനുവദിച്ചിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുള്ളതായും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പട്ടു കൊണ്ട് വിൽനയുടെ മാതാവ് സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയിരുന്നു. വിൽനയുടെ മാതാവും ഭർത്താവും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജി തലശേരി കോടതിയുടെ പരിഗണനയിലാണ്.