തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വത്ത് തട്ടിപ്പ്സംബന്ധിച്ച അന്വേഷണത്തിലും ആരെയും അന്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
പരേതന്റെ ഭാര്യയാക്കിയ ജാനകിക്കു പിന്തുടര്‍ച്ചാവകാശത്തിലൂടെ വന്നു ചേര്‍ന്നേക്കാവുന്ന എല്ലാ സ്വത്തും അഭിഭാഷകയായ ഷൈലജയിലേക്ക് എത്തുന്ന രീതിയിലുണ്ടാക്കിയ വില്‍പത്രവും അന്വേഷണ സംഘം കണ്ടെത്തി.
വിവാഹഫോട്ടോയും അനുബന്ധമായുണ്ടാക്കിയ രേഖകളും വ്യാജമാണെന്നും ബാലകൃഷ്ണന്റെ കോടികള്‍ ആസ്തിയുള്ള സ്വത്തുവകകള്‍ ജാനകി പോലുമറിയാതെ തന്റേതാക്കി മാറ്റുന്നതിനുള്ള കുടില തന്ത്രമാണ് പ്രതിയും ഭര്‍ത്താവും ചേര്‍ന്നൊരുക്കിയത് എന്നതിനുള്ള ശക്തമായ മറ്റു തെളിവുകളും പോലീസ് കണ്ടെത്തിയിരുന്നു.
പോലീസ് പറയുന്നത്
ബാല കൃഷ്ണന് മരിച്ചതിന്റെ മൂന്നാം ദിവസം തിരുവനന്തപുരത്തെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പ്രതികള്‍ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രേഖകള്‍ എടുത്തു കൊണ്ടുപോയതായി പോലീസ് കണ്ടെത്തിയിരുന്നു.
വ്യാജരേഖകളുടെ ബലത്തില്‍ പരിയാരം അമ്മാനപ്പാറയിലെ ആറേക്കര്‍ ഭൂമി അഭിഭാഷകയുടെ പേരിലേക്കാക്കി. തിരുവനന്തപുരത്തെ വീടും സ്ഥലവും വില്പനയും നടത്തിയെന്നും പോലീസ് കണ്ടെത്തി.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷന്, ബാലകൃഷ്ണന്റെ മൃതദേഹം സംസ്കരിച്ച ഷൊര്‍ണൂര്‍ ശാന്തിതീരം, ബാലകൃഷ്ണന്റെ തിരുവനന്തപുരം പേട്ടയിലെ വീട്, ബാലകൃഷ്ണന് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി, എജി ഓഫീസ്, സഹകരണ വകുപ്പ് ഓഫീസ്, പരിയാരം അമ്മാനപ്പാറ, തളിപ്പറമ്പ് തൃച്ചംബരം, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തെളിവെടുപ്പും നടത്തിയിരുന്നു.
ഊര്‍ജിതമായി നീങ്ങിയ അന്വേഷണം പോലീസുദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തോടെയാണ് മരവിക്കുകയായിരുന്നു. കേസിലുള്‍പ്പെട്ട രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുന്നതിനു സര്‍ക്കാരിന്റെ അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടായപ്പോള്‍ മറ്റുള്ളവരെ പ്രതിചേര്‍ത്തു കുറ്റപത്രം സമര്‍പ്പിക്കുമെന്നു പറഞ്ഞിരുന്നു.
എന്നാല്‍, അതുമുണ്ടായില്ല എന്നതു പോലീസിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാനുള്ള ഇടപെടലുകള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയാക്കിയിരുന്നു.
ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിൽ
2017 ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസിലുള്‍പ്പെട്ട സര്‍ക്കാരുദ്യോഗസ്ഥരായ ചിലരെ പ്രതികളാക്കുന്നതിനുള്ള നിയമോപദേശം ലഭിക്കുന്നതിലുള്ള കാലതാമസമാണ് കുറ്റപത്ര സമര്‍പ്പണവും തുടര്‍ നടപടികളും വൈകുന്നതിന് ഇടയാക്കുന്നതെന്നാണ് പോലീസ് ഇപ്പോഴും നല്കുന്ന വിശദീകരണം.
കേസന്വേഷണം പൂര്‍ത്തീകരിച്ച അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശ പ്രകാരം അന്നത്തെ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
ഇവര്‍ സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ കുറ്റപത്ര സമര്‍പ്പണത്തിനു സര്‍ക്കാരിന്റെ അനുമതി ലഭിക്കാനുള്ള അപേക്ഷകള്‍ നല്‍കിയെങ്കിലും അതിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചു തിരിച്ചയയ്ക്കുകയായിരുന്നു.
ഇപ്പോള്‍ പോരായ്മകള്‍ പരിഹരിച്ചു വീണ്ടുമയച്ച അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്ര സമര്‍പ്പണം നടത്തുമെന്നാണ് പോലീസ് പറയുന്നത്. (അവസാനിച്ചു)