കൊച്ചി: നിരീക്ഷണപറക്കലിനിടെ നാവികസേനയുടെ ഇസ്രയേൽ നിർമിത ആളില്ലാ വിമാനം “സെർച്ചർ’ സ്വകാര്യ ഇന്ധന ടാങ്ക് ടെർമിനലിലേക്കു തകർന്നുവീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നാവികസേന വിഭാഗത്തിനൊപ്പം പോലീസും അന്വേഷണം നടത്തുന്നുണ്ട്.
ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അട്ടിമറി നടന്നിട്ടുണ്ടോയെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാക്കും. ഇത്തരത്തിലുള്ള അപകടങ്ങൾ അന്വേഷിക്കുന്ന സ്ഥിരം സമിതിയുടെ നേതൃത്വത്തിലാണ് നാവിക സേനയുടെ ഭാഗത്തുനിന്നുള്ള അന്വേഷണം. തകർന്നു വീണ വീമാനം അറ്റകുറ്റ പണികൾ നടത്തി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, കൊച്ചി റേഞ്ച് ഐജി പി. വിജയന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. തകർന്ന വിമാനം പരിശോധിക്കുമെന്നും തകർന്നുവീണ സ്വകാര്യ ഇന്ധ ടാങ്ക് ടെർമിനലിലെ കാമറകൾ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. വെല്ലിംഗ്ടണ്‍ ഐലൻഡിൽ പ്രവർത്തിക്കുന്ന എച്ച്എച്ച്എ ടാങ്ക് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ഇന്നലെ രാവിലെ 10.20നാണ് വിമാനം വീണത്.
നാവിക ആസ്ഥാനത്തുനിന്നു പറന്നുയർന്ന വിമാനം ഏതാനും നിമിഷങ്ങൾക്കകം നിലംപതിക്കുകയായിരുന്നു. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു എത്തുന്നതിനു രണ്ടു മണിക്കൂർ മുന്‍പുണ്ടായ അപകടത്തിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ടെർമിനലിലെ ഒരു ടാങ്കിനും മതിലിനും ഇടയിലുള്ള ഭാഗത്താണു വിമാനം പതിച്ചത്. ടാങ്കിനു നിസാര കേടുപാടുകൾ സംഭവിച്ചെങ്കിലും ഇന്ധനം ചോരുകയോ മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല. എൻജിൻ തകരാറാണ് അപകടകാരണമായി സംശയിക്കുന്നതെന്ന് നിവികസേനാ വൃത്തങ്ങൾ പറഞ്ഞു.
മുപ്പത്തിയഞ്ചോളം ടാങ്കുകളിലായി അത്യുഗ്ര ജ്വലനശേഷിയുള്ള വിവിധയിനം ഇന്ധനങ്ങളാണു ടെർമിനലിൽ സൂക്ഷിച്ചിട്ടുള്ളത്. നാവികസേനാ വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിലെ റിമോട്ട് കണ്ട്രോൾ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആളില്ലാവിമാനം കടലിലെയും കരയിലെയും നിരീക്ഷണങ്ങൾക്കായാണ് ഉപയോഗിച്ചിരുന്നത്. ദിവസവും നിരീക്ഷണപറക്കൽ നടത്താറുണ്ട്. ഉപരാഷ്ട്രപതി എത്താനിരിക്കേ നടന്ന അപകടത്തിനു പിന്നിൽ അട്ടിമറിസാധ്യതയും സംശയിക്കപ്പെട്ടിരുന്നെങ്കിലും ഇത് നാവികസേനാ അധികൃതർ തള്ളി.
തുടർച്ചയായി എട്ടു മണിക്കൂർ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ന്ധസെർച്ചർ’ നാവികസേനയുടെ അഭിവാജ്യഘടകമാണെന്നും എൻജിൻ തകരാറാണ് അപകടകാരണമായി സംശയിക്കുന്നതെന്നും അധികൃതർ പറഞ്ഞു. സെർച്ചർ, ഹെറോണ്‍ എന്നീ രണ്ടു വിഭാഗത്തിലുള്ള ആളില്ലാ വിമാനങ്ങളാണു നാവികസേന നിരീക്ഷണങ്ങൾക്കായി ഉപയോഗിച്ചുവരുന്നത്. സാധാരണ വിമാനത്തേക്കാൾ ഭാരം കുറവാണ് സെർച്ചറിന്.
ഇതുമൂലം റിമോർട്ട് കണ്ട്രോളിലൂടെ തുടർച്ചയായി എട്ടു മണിക്കൂർ വരെ നീരിക്ഷണം നടത്താൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. ടാങ്കുകൾക്കു കേടുപാടുകൾ സംഭവിച്ച് ഇന്ധനം ചോർന്നാൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. അതേസമയം, വിമാനം തകർന്ന സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് നാവിക സേന വിഭാഗം അറിയിച്ചു. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയാൽ സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.