കോട്ടയം: സ്ഥാനാർഥി ആരായാലും എഴുത്തും വരയും വിമലും കുടുംബവുമായിരിക്കും. ചുവരെഴുത്തിൽ പ്രഗത്ഭനായ വിമൽ ഇടുക്കിയും കുടുംബവും ഈ തെരഞ്ഞെടുപ്പിലും തിരക്കിലാണ്. രണ്ടില… ചുറ്റിക അരിവാൾ നക്ഷത്രം…ഏതുമാകട്ടെ. എല്ലാം വിമലിന് വഴങ്ങും.
വിവിധ വർണക്കൂട്ടുകളിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളും വരച്ച് തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ശ്രദ്ധേയമാകുകയാണ് പാലാ വിമലും കുടുംബവും. വിമൽ ഇടുക്കിയുടെ ചുവരെഴുത്തുകൾ നിറയാത്ത ഇലക്ഷൻ കാലം വിരളം. വിമലും ഭാര്യയും മക്കളുമാണ് ചുവരെഴുത്തുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ വിമൽ കുടുബം തിരക്കിലാണ്.
രാവിലെ എട്ടിന് ഭാര്യ സിജി മകൻ അമൽ എന്നിവർക്കൊപ്പം മതിലുകളും ചുവരുകളും തേടി ഇറങ്ങും. ഉച്ചഭക്ഷണവും കുടിവെള്ളവും കരുതും. വൈകുന്നേരത്തോടെ ഭാര്യ സിജിയും മകനും വീട്ടിലേക്ക് മടങ്ങും. ശേഷിക്കുന്ന ബുക്ക്ഡ് മതിലുകൾ വരച്ചുതീർത്തേ വിമൽ രാത്രി മടങ്ങൂ. മതിൽ വൃത്തിയാക്കിയ ശേഷം വെള്ളയടിക്കും. തുടർന്നാണു ചുവരെഴുത്ത്. ചതുരശ്ര അടിക്ക് 18 രൂപയാണ് കൂലി.
കുട്ടിക്കാലത്തു സ്വന്തം വീടിന്റെ ഭിത്തിയിൽ കരി ഉപയോഗിച്ചു ചിത്രം വരച്ചു തുടങ്ങിയതാണ് വിമലിന്റെ ചിത്രകലാജീവിതം. തുടർന്നു പാലായിലെ സ്വകാര്യ കന്പനിയിൽ പെയിന്റിംഗ്, ബോർഡ് എഴുത്ത് ജോലികളുമായി കഴിയുകയായിരുന്നു. പള്ളികളിലെ അൾത്താര പെയിന്റിംഗാണ് വിമലിന്റെ മാസ്റ്റർ പീസ്. ഭാര്യ സിജിയും മകൻ അമൽ ചുവരെഴുത്തിൽ വിദഗ്ധരാണ്.
മറ്റൊരു മകളായ അലീനയും മുൻപ് ചുവരെഴുത്തിൽ സജീവമായിരുന്നു. വിമൽ ഇടുക്കി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ യഥാർഥ പേര് ജോസ് ദേവസ്യ എന്നാണ്. മജീഷ്യൻ കൂടിയായ വിമൽ ഇടുക്കി വിമലഗരി കൂടമറ്റത്തിൽ ദേവസ്യായുടെയും ഏലിക്കുട്ടിയുടെയും മകനാണ്. 20 വർഷമായി ഇടമറ്റത്താണ് താമസം.