ബിജു കലയത്തിനാൽ
ചെറുതോണി: നാടൻ അച്ചാറുകളുടേയും പാനീയങ്ങളുടേയും കലവറ ഒരുക്കിയിരിക്കുകയാണ് ജില്ലാ ആസ്ഥാനത്തെ സ്വദേശി കട. അന്പതുകാരിയായ ചെറുതോണി കുനിപ്പാറയിൽ വിമല രഘുവിന്റെ നേതൃത്വത്തിലുള്ള സ്വദേശിക്കട ജനകീയ അംഗീകാരവും നേടിക്കഴിഞ്ഞു.
ഭക്ഷ്യയോഗ്യമായ എന്തും അച്ചാറാക്കുമെന്നതാണ് ഈ വീട്ടമ്മയെ പ്രശസ്തയാക്കിയത്. വഞ്ചിക്കവലയിൽ കെഎസ്ഇബിയുടെ ചെറിയൊരു കടയിൽനിന്നും സ്വദേശി ഉത്പന്നങ്ങൾ വിപണനം നടത്തുന്ന ബൃഹത്തായ സ്ഥാപനമായി വളർന്നതിനുപിന്നിൽ ആത്മവിശ്വാസവും കൂട്ടായ പ്രവർത്തനവുമുണ്ടെന്ന് ഇവർ പങ്കുവയ്ക്കുന്നു.
ഗാന്ധിയൻ ആദർശങ്ങളെ അതിരറ്റ് ഇഷ്ടപ്പെടുന്ന ഇവർ സ്ഥാപനത്തിൽ ഈശ്വരന്റെ ചിത്രത്തിനുപകരം പ്രതിഷ്ഠിച്ചിരിക്കുന്നതുപോലും ഗാന്ധിജിയെയാണ്.
വഞ്ചിക്കവലയിലെ കെ എസ്ഇബി വക കെട്ടിടത്തിൽ ചെറിയതോതിൽ സ്റ്റേഷനറി കട നടത്തിയിരുന്ന കാലം.
ഇടുക്കി ജില്ലാ ബാങ്കിന്റെ വനിതാ വികസന സെൽ സംഘടിപ്പിച്ച ഗാന്ധിജി സെന്റർ ഫോർ റൂറൽ ഡവലപ്മെന്റ് സെമിനാറിൽ പങ്കെടുക്കാൻ അന്നത്തെ ബാങ്ക് മാനേജരായ ആനന്ദവല്ലി നിർബന്ധിച്ചു.
പത്തുദിവസത്തെ പഠനം വിമലയുടെ ജീവിതത്തിന്റെ ടേണിംഗ് പോയിന്റായി. നാട്ടിൽ സുലഭമായി കിട്ടുന്നതും എന്നാൽ പാഴായി പോകുന്നതുമായ ഭക്ഷ്യവസ്തുക്കൾ അച്ചാറുകളാക്കിയും പാനീയങ്ങളാക്കിയും വരുമാനം നേടാമെന്ന് ഇവർ തിരിച്ചറിഞ്ഞു.
പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്ന് വിമല പറയുന്നു. നാടൻ ഉത്പന്നങ്ങൾകൊണ്ടു തയാറാക്കുന്ന വിഭവങ്ങൾക്ക് സ്വദേശിയെന്ന് നാമകരണംചെയ്തു.
കാട്ടുപഴങ്ങൾകൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് സ്വദേശി ബ്രാൻഡിലെ സ്പെഷൽ ഇനങ്ങൾ. കാട്ടുകണ്ണിമാങ്ങ, കാട്ടുനെല്ലിക്ക, കാട്ടു ചീമനെല്ലിക്ക, നാടൻ കണ്ണിമാങ്ങ, കാന്താരിമുളക്, ഇഞ്ചി, ഇലുന്പിക്ക, പാവക്ക, പാവക്ക പ്ലസ് കാന്താരി, ജാതിക്ക, ഇടിഞ്ചക്ക തുടങ്ങി എന്തും ഇവർ സ്വാദിഷ്ടമായ അച്ചാറാക്കി മാറ്റും.
ഭർത്താവ് രഘുവും മകൻ നിഖിലും കാട്ടുവിഭവങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് ശേഖരിച്ച് സ്ഥാപനത്തിലെത്തിക്കും.മഞ്ഞയും ചുവപ്പും കറുപ്പും വെള്ളയും ഉൾപ്പെടെ വിവിധ നിറത്തിലും സ്വാദിലും തയാറാക്കി നൽകുന്ന നാടൻ പാനീയങ്ങൾക്കും ഇവിടെ ആവശ്യക്കാരേറെയാണ്.
പുതിയ സ്ഥാപനത്തിലേക്ക് മാറിയതോടെ സ്വദേശി കട ലഘുഭക്ഷണശാലകൂടിയായി രൂപംപ്രാപിച്ചിരിക്കയാണ്. രാവിലെ പുട്ട്, ഇടിയപ്പം, ദോശ, പൂരി, കപ്പ, പിടി തുടങ്ങിയ നാടൻവിഭവങ്ങളുണ്ടാവും. തനി നാടൻ കറികൾ കൂട്ടി കഞ്ഞിയും ഉൗണും കഴിക്കാം.
ഉച്ചകഴിഞ്ഞ് ചക്കഅട, ചക്ക റോസ്റ്റ്, പഴംബോളി, സ്പെഷൽ ഗോതന്പു ബോണ്ട തുടങ്ങിയ പലഹാരങ്ങളും ലഭിക്കും. സ്വദേശി ഉത്പന്നങ്ങളുടെ നെടുംതൂണായ വിമലയ്ക്ക് താങ്ങും തണലുമായി ഭർത്താവും മകനും മകൾ ലക്ഷ്മിശ്രീയും മരുമകൾ നിഖിലയും ഒപ്പമുണ്ട്.
വിമലയുടെ രുചികൂട്ടുകൾ തിരിച്ചറിയുന്ന ചെറുതോണി സ്വദേശിയായ വത്സമ്മയാണ് സഹായിയായുള്ളത്. ജില്ലാ വ്യവസായവകുപ്പിന്റെ കീഴിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും സ്കൂളുകളിലും വ്യവസായ സംരംഭകത്വ ക്ലാസെടുക്കാനും ഇപ്പോൾ വിമലയ്ക്ക് ക്ഷണം ലഭിക്കുന്നുണ്ട്.
നിരവധി അവാർഡുകളും സ്വദേശി ഉത്പന്നങ്ങളുടെ പേരിൽ ഈ വീട്ടമ്മയെ തേടിയെത്തിയിട്ടുണ്ട്. പരസ്യ ബോർഡുകളോ മറ്റു പരസ്യ പ്രചാരണങ്ങളോ ഇല്ലാതെ സാധനങ്ങൾ വാങ്ങിയുപയോഗിക്കുന്നവർ നൽകുന്ന പ്രചാരണങ്ങൾ മാത്രമാണ് പ്രശസ്തിക്ക് നിദാനമായിരിക്കുന്നതെന്ന് ഇവർ സമ്മതിക്കുന്നു.