വൈപ്പിൻ: മുനന്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ വലയിൽ കുടുങ്ങിയ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ഇന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും സംയുക്തമായി പരിശോധിക്കും. അവശിഷ്ടം വിമാനത്തിന്റേതാണോ ഹെലികോപ്റ്ററിന്റേതാണോയെന്ന് സംശയമുണ്ട്. നല്ല പഴക്കം തോന്നിക്കുന്ന ഇതിന്റെ അവകാശി കോസ്റ്റ് ഗാർഡാണോ നേവിയാണോ എന്നറിയാനും കഴിയും. ഇതിനുശേഷമേ മുനന്പം ഹാർബറിൽ നിന്നും കൊണ്ടുപോകൂ.
കഴിഞ്ഞ ദിവസം മുനന്പത്ത് നിന്നും മത്സ്യബന്ധനത്തിനുപോയ സീലൈൻ എന്ന ബോട്ടിനു മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ നിലയിലാണ് യന്ത്രഭാഗങ്ങൾ ലഭിച്ചത്. അഞ്ച് ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വല വലിച്ച് പോരുംവഴി മുനന്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് ഭാഗത്ത് പുറംകടലിൽ വച്ച് വലയിൽ എന്തോ തടഞ്ഞതിനെ തുടർന്ന് സ്രാങ്ക് ബോട്ട് നിർത്തി വല ഉയർത്തി നോക്കിയപ്പോഴാണ് യന്ത്രഭാഗം കണ്ടെത്തിയത്.
ഉദേശം 1500 കിലോയോളം തൂക്കം വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. തുടർന്ന് ഞായറാഴ്ച രാത്രി ഹാർബറിൽ എത്തിച്ച് വിവരം മുനന്പം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വിമാന അവശിഷ്ടത്തിനു കാവലേർപ്പെടുത്തിയിട്ടുണ്ട്.