
കോട്ടയം: റണ്വേയിലൂടെ കുതിച്ച് കൊച്ചിയുടെ മേലാപ്പിലേക്ക് ഇൻഡിഗോ വിമാനം കുത്തനെ ഉയർന്നപ്പോൾ കുരുന്നുകളുടെ ആകാംക്ഷ നീലാകാശത്തോളം ഉയരത്തിലെത്തി. സീറ്റ് ബെൽറ്റിനു മുറുക്കം പോരെന്നുതോന്നി ചിലർ അടുത്തിരുന്ന കൂട്ടുകാരുടെ കൈയിൽ ബലമായി പിടിച്ചിരുന്നു.
കൊച്ചി നഗരവും കെട്ടിടങ്ങളും വിശാലമായ പച്ചപ്പും മലകളുമൊക്കെ കുഞ്ഞുജാലകത്തിലൂടെ അങ്ങുതാഴെ കണ്ടതോടെ കുട്ടികളുടെ വിസ്മയം ഇരട്ടിയായി. കോട്ടയം തിരുവാർപ്പ് ഗവണ്മെന്റ് യുപി സ്കൂളിലെ 34 കുട്ടികളാണ് അധ്യാപകർക്കൊപ്പം പഠനത്തിന്റെ ഭാഗമായി ഇന്നലെ ആദ്യത്തെ വിമാനയാത്ര നടത്തിയത്.
നെടുന്പാശേരിയിൽ നിന്നുള്ള വിമാനയാത്ര മാത്രമല്ല വിമാനത്താവളവും അവിടെ ലാൻഡ് ചെയ്തിരുന്ന ഒരു നിര വിമാനങ്ങളും എയർപോർട്ടിലെ പരിശോധനകളും അറിയിപ്പുകളും എയർഹോസ്റ്റസുമാരുടെ വേഷവുമൊക്കെ അവർക്ക് ആദ്യത്തെ അനുഭവമായിരുന്നു.
നാട്ടിൻപുറത്തെ കുട്ടികൾ ആദ്യമായി വിമാനം കയറാൻ എത്തിയതറിഞ്ഞ് കോക് പിറ്റിൽനിന്നും പൈലറ്റുമാർ ഇറങ്ങിവന്ന് കുട്ടികളെ വരവേറ്റു. അവരെ സീറ്റിലിരുത്തി എയർഹോസ്റ്റസുമാർ വിശേഷം ചോദിച്ച് ബെൽറ്റ് അണിയിച്ചു.

കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളുമടങ്ങുന്ന 53 അംഗ സംഘമാണ് കണ്ണൂരിലേക്ക് പറന്നത്. ഒരു മണിക്കൂർ പറക്കലിനിടയിൽ കടന്നുപോയ ജില്ലകളും പ്രദേശങ്ങളും വിമാനജീവനക്കാർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.
ഒരു കുട്ടിക്കു യാത്രാ ചെലവ് 3600 രൂപയായിരുന്നു. കുട്ടികളിൽനിന്നു ചെറിയ തുക വാങ്ങിയതിനു ശേഷം ബാക്കി തുക അധ്യാപകരും പിടിഎയും ചേർന്ന് സ്വരൂപിച്ചു.
ഇന്നലെ കണ്ണൂരിൽ വിമാനം ഇറങ്ങിയ സംഘം വയനാടൻ കാഴ്ചകൾ കണ്ടതിനു ശേഷം രാത്രി കോഴിക്കോട്ട് എത്തി അവിടെ നിന്നു ട്രെയിനിൽ കോട്ടയത്തേക്കു മടങ്ങും.
ഹെഡ്മാസ്റ്റർ റൂബി കെ. നൈനാന്റെ നേതൃത്വത്തിൽ അധ്യാപിക എൻ.പി. അജിത, പിടിഎ പ്രസിഡന്റ് കെ.എൻ. അനിൽകുമാർ എന്നിവരും വിനോദയാത്രയ്ക്കു നേതൃത്വം നൽകി.