തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ പോയ മൂന്നാമനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ സുനിത് നാരായണനെയാണ് പോലീസ് തെരയുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മറ്റു രണ്ടുപേരെ വിമാനത്താവളത്തില്‍ പിടിച്ചുവച്ചപ്പോൾ സുനിത് അതിവേഗം പുറത്തിറങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്.
രണ്ട് പേര് പ്രതിഷേധ മുദ്രാവാക്യം വിളിച്ചപ്പോൾ മൂന്നാമന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സുനിതിനെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ തീരുമാനം.
അതേസമയം കേസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. കേസിലെ ഗൂഢാലോചന ഉള്‍പെടെ പുറത്ത് കൊണ്ടുവരണമെന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്കിയ നിര്‍ദ്ദേശം.
വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല് എന്നിങ്ങനെ വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര് കെ നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് ഫര്സീന് മജീദിനെയും അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പി എയും ഗണ്‍മാനും നല്കിയ പരാതിയിലാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്.
കേസില്‍ അറസ്റ്റിലായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.