കൊണ്ടോട്ടി: ബക്രീദ്-ഓണം ആഘോഷത്തിനു കുടുംബങ്ങൾക്കു നൽകാൻ വസ്ത്രങ്ങൾ വാങ്ങുന്നതിലേക്കാളേറെ പ്രളയത്തിൽ അകപ്പെട്ട പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങളെത്തിക്കുകയാണ് പ്രവാസികൾ. നേരിട്ടു കൊണ്ടുവരുന്നതോടൊപ്പം വിമാനം നിറയെ സാധനങ്ങൾ യുഎഇയിൽ നിന്നു ദുരിതാശ്വാസ സാമഗ്രികളുമായി കരിപ്പൂരിൽ വിഷൻ എയർ കാർഗോ വിമാനവുമെത്തി.
അബൂദാബിയിലെ യൂണിവേഴ്സൽ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.ഷബീർ നെല്ലിക്കോടിന്റെ നേതൃത്വത്തിൽ ശേഖരിച്ച 14 ടണ്‍ മെഡിക്കൽ, വസ്ത്രങ്ങൾ, ഭക്ഷ്യസാധനങ്ങളാണ് കരിപ്പൂരിൽ എത്തിച്ചത്. പ്രളയംദുരിതം ഏറെ നേരിട്ട ചെങ്ങന്നൂർ, ആലുവ, വയനാട് എന്നിവിടങ്ങളിൽ വിതരണം ചെയ്യാനാണ് ഇവ കൊണ്ടുവന്നത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ കൂട്ടായ്മക്കും കോഴിക്കോട് ട്രോമാകയറിനും ഇവ കൈമാറും.
നാല് ദിവസം കൊണ്ടാണ് ആശുപത്രി അധികൃതർ ശേഖരിച്ച സാധനങ്ങളാണ്. കരിപ്പൂരിലെ കസ്റ്റംസ് നടപടികൾ പൂർത്തിയായതിനു ശേഷം ബന്ധപ്പെട്ട ഏജൻസികൾക്ക് സാധനങ്ങൾ കൈമാറും. ചൊവാഴ്ച രാത്രിയാണ് വിഷൻ എയർ കാർഗോ വിമാനം അബൂദാബിയിൽ നിന്നു കാറാച്ചി വഴി ബുധനാഴ്ച രാവിലെയാണ് കരിപ്പൂരിലെത്തിയത്. വിദേശ രാജ്യത്തു നിന്നു കേരളത്തിലേക്കു ദുരിതാശ്വാസ സാധനങ്ങളുമായി ഒരു വിമാനമെത്തുന്നത് ഇതാദ്യമായണ്.
അബൂദാബി യൂണിവേഴ്സൽ ആശുപത്രി അധികൃതരും ആശുപത്രിയിൽ സ്ഥാപിച്ച ദുരിതാശ്വാസ പെട്ടിയിൽ നിക്ഷേപിച്ച ഉത്പ്പന്നങ്ങളും വരും ദിവസങ്ങളിലും കേരളത്തിലെത്തിക്കുന്നുണ്ട്. 50 ടണ്‍ ഇതിനകം എത്തിക്കാനുണ്ട്. കപ്പലിലും യാത്രാ വിമാനങ്ങളിലുമായി ഇതെത്തിക്കും.
ബോയിങ്ങ് 737 ഇനത്തിൽ പെട്ട വിമാനത്തിനു മൂന്നു മണിക്കൂറിലധികം ദൂരം പറക്കാൻ കഴിയാത്തതിനാലാണ് ഇതു പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറങ്ങി ഇന്ധനം നിറച്ചു കരിപ്പൂരിലെത്തിയത്. ഇതിനായി പ്രത്യേക അനുമതി വാങ്ങിയിരുന്നു.
നേരത്തെ നിപ്പാ വൈറസ് പിടിപ്പെട്ട സമയത്ത് ട്രോമ കെയറിന്റെ വിമാനം മരുന്നുകളുായി തിരുവനന്തപുരത്തും കരിപ്പൂരിലുമെത്തിയിരുന്നു. കരിപ്പൂരിൽ ഒമാൻ മലയാളി കൗണ്‍സിൽ 500 കിലോ വസ്്ത്രങ്ങളടക്കമുള്ള കാർഗോ എത്തിച്ചു.
തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലേക്കാണ് ഇവ വിതരണത്തിന് കൊണ്ടുപോയത്. മലബാർ ഡവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ അടുത്ത ദിവസം കാർഗോ എത്തുന്നുണ്ട്. പ്രളയക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിലേക്ക് പ്രാവസികളയക്കുന്ന കാർഗോക്ക് നികുതിയും നിരക്കും ഒരാഴ്ചത്തേക്ക് ഒഴിവാക്കി കസ്റ്റംസും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസും(കഐസ്ഐഇ)രംഗത്തെത്തിയത് പ്രവാസികൾക്കു ആശ്വാസമാണ്.
കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് പ്രവാസി മലയാളികളുടെ സഹായ പെട്ടികൾ എത്തുന്നത്. ഗൾഫിൽ നിന്നു കേരളത്തിലെ ദുരിതാശ്വാസ സഹായ സംഘങ്ങളുടെ പേരിൽ എത്തുന്ന കാർഗോ ഉത്പ്പന്നങ്ങൾക്കാണ് നികുതികൾ നിരക്കും പൂർണമായും ഒഴിവാക്കുന്നത്.
എന്നാൽ വ്യക്തികളുടെ പേരിൽ ഇത്തരത്തിൽ സഹായങ്ങൾ എത്തിക്കുന്നതിന് പരിമിതികളുണ്ടെന്ന് കസ്റ്റംസ്, കഐസ്ഐഇ അധികൃതർ പറഞ്ഞു.വസ്ത്രങ്ങൾ, നാപ്കിൻ, ആരോഗ്യ ഉപകരണങ്ങൾ, ശുചീകരണ സാധനങ്ങൾ, ബിസ്ക്കറ്റുകൾ തുടങ്ങിയവയാണ് കൂടുതലായും എത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ 31 ടണ്‍ കാർഗോ വിവിധ പ്രവാസികൾ സംഘടനയുടെ പേരിൽ എത്തിച്ചു. 100 മുതൽ 200 ടണ്‍വരെ ഒരാഴ്ചക്കുളളിൽ രണ്ടുവിമാനത്താവളിലായി പ്രതീക്ഷിക്കുന്നുണ്ട്. ഒരു ടണ്‍ കാർഗോക്ക് ശരാശരി 750 രൂപവരെ കഐസ്ഐഇക്ക് ലഭിക്കേണ്ടതാണ്.
കസ്റ്റംസിന് 35 ശതമാനം ടാക്സും നൽകണം. കരിപ്പൂരിൽ കഐസ്ഐഇ ഒരു കിലോക്ക് നാലു രൂപവരെ ഈടാക്കുന്ന നിരക്കും ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ ഘടനയനുസരിച്ചാണ് കസ്റ്റംസ് നികുതി ഈടാക്കുന്നത്. പ്രവാസികൾ സംഘം ചേർന്നാണ് ദുരിതാശ്വാസ കാർഗോ അയക്കുന്നത്.