കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലായ വിക്രാന്ത് 2022ലെ സ്വാതന്ത്ര്യദിനത്തിൽ കമ്മീഷന് ചെയ്യുമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
കൊച്ചിന് ഷിപ്പ് യാർഡിൽ അവസാനഘട്ട നിർമാണത്തിലുള്ള വിമാനവാഹിനിയുടെ സമുദ്ര പരീക്ഷണത്തിനു (സീ ട്രയല്‍സ്) മുന്നോടിയായി നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ ഇതിനെക്കാള്‍ വലിയൊരു ആദരം നല്കാനില്ലെന്നു രാജ്നാഥ് സിംഗ് പറഞ്ഞു.
വിമാനവാഹിനിയുടെ പോരാട്ട സവിശേഷതകളും വൈദഗ്ധ്യവും രാജ്യത്തിന്റെ പ്രതിരോധശേഷിക്കു കൂടുതല്‍ കരുത്തു പകരുന്നതിനൊപ്പം ഇന്ത്യയുടെ നാവിക താത്പര്യങ്ങള്‍ സംരക്ഷിക്കാനും സഹായിക്കും.
വിമാനവാഹിനിയുടെ രൂപരേഖയും ഉരുക്കും ആയുധങ്ങളും സെന്സറുകളുമുള്പ്പെടെ 75 ശതമാനവും തദ്ദേശീയമാണ്. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ തിളങ്ങുന്ന ഉദാഹരണമായ വിക്രാന്ത് ഇന്ത്യയുടെ അഭിമാനമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
മുക്കാല്‍ മണിക്കൂറോളം അദ്ദേഹം വിമാനവാഹിനിയില്‍ ചെലവിട്ടു. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചൗള, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ഡോ. എം. ബീന, കൊച്ചി കപ്പല്‍നിര്‍മാണശാല സിഎംഡി മധു എസ്. നായര്‍ എന്നിവർ സന്ദര്‍ശന വേളയില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഒരേസമയം 30 വരെ യുദ്ധവിമാനങ്ങളും എട്ട് ഹെലികോപ്റ്ററുകളും വിക്രാന്തിനു വഹിക്കാന്‍ പറ്റും. 1,500 ലേറെ ആളുകൾക്കും കപ്പലില്‍ ഇടമുണ്ട്.
വിമാനങ്ങൾ പറന്നുയരാൻ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും 190 മീറ്ററിന്റെയും മൂന്നു റൺവേകൾ. 15 ഡെക്കുകൾ. ഫ്ലൈറ്റ് ഡെക്കിൽനിന്ന് അഞ്ചു ഡെക്കുകൾ മുകളിലേക്കും ഒൻപതെണ്ണം താഴേക്കും.
വിവിധ ഡെക്കുകളിലായി 2,400 കന്പാർട്ട്മെന്റുകൾ. ഭാരം 40,000 ടൺ. 263 മീറ്റർ നീളവും 63 മീറ്റർ വീതിയും. കീലിൽനിന്നുള്ള ഉയരം 37.5 മീറ്റർ. മൊത്തം ചെലവ് 3,500 കോടി രൂപ.
റഷ്യന്‍ ഏവിയേഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) നിർമിക്കുന്നത് ബംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്. നാവികസേനയ്ക്കു കൈമാറുന്നതോടെ ഐഎൻഎസ് വിക്രാന്ത് എന്ന പേരിലാകും വിമാനവാഹിനി അറിയപ്പെടുക.