കൊച്ചി: കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന വിമാനവാഹിനി കപ്പലിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളെയും കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ അപേക്ഷ നൽകും.
ഇന്നലെ റിമാന്‍ഡ് ചെയ്ത ബിഹാര്‍ മംഗൂര്‍ സ്വദേശി സുമിത്കുമാര്‍ സിംഗ്(23), രാജസ്ഥാന് ഹനുമന്ദ്നഗര് സ്വദേശി ദയാറാം(22) എന്നിവരെ ജയിലിലേക്ക് അയയ്ക്കുന്നതിനു പകരം കൊച്ചിയിലെ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതിന്റെ ഫലം കിട്ടുന്നതനുസരിച്ചാകും ഇരുവരെയും ജയിലിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന് പാലിക്കണമെന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡപ്രകാരമാണ് ഇരുവരെയും ക്വാറന്റൈന് കേന്ദ്രത്തിലെ ഐസൊലേഷനിലേക്ക് മാറ്റിയത്.
സുരക്ഷാകാരണങ്ങളാല്‍ ഇവരെ പാര്‍പ്പിച്ചിട്ടുള്ള സ്ഥലം എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത ഇവരെ ഇന്നലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
6,400 വിരലടയാളങ്ങള്‍ പരിശോധിച്ചതില്‍ ഒന്ന് സുമിത് കുമാറിന്റേതാണെന്ന് ഉറപ്പുവരുത്തിയതോടെ എന്‍ഐഎ ഇയാളെ ചോദ്യം ചെയ്തു. അപ്പോഴാണ് രണ്ടാമത്തെ ആളുടെ പങ്ക് വെളിപ്പെടുത്തിയത്. മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് എന്‍ഐഎ പരിശോധിച്ച് വരികയാണ്.
ബീഹാറിലെ നക്സല്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തുനിന്നാണ് ഒന്നാം പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ പെയിന്റിംഗ് കരാര്‍ എടുത്ത ഒരാള്‍ക്ക് കീഴിലാണ് ഇരുവരും കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ ജോലിക്കെത്തിയത്.
മോഷണം നടന്ന 2019 ല്‍ ഇരുവരും ഒരുമിച്ച് കപ്പല്‍ ശാലയില്‍ ജോലി ചെയ്തിരുന്നു. ഒരുമിച്ച് കൊച്ചിയില്‍ താമസിച്ച ഇവര്‍ ഗൂഡാലോചന നടത്തിയാണ് മോഷണം നടത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്.
2019 സെപ്റ്റംബറിലാണ് ഹാര്‍ഡ് ഡിസ്കുകള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്.
2.10 ലക്ഷം രൂപ വില വരുന്നതും നിര്‍ണായക വിവരങ്ങള്‍ അടങ്ങിയതുമായ ഹാര്‍ഡ് ഡിസ്കുകള്‍, സിപിയു, പ്രൊസസറുകള്‍ എന്നിവയാണ് നിര്‍മാണത്തിലിരുന്ന വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍നിന്ന് മോഷ്ടിച്ചത്.