തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ്, ജില്ലാ സെക്രട്ടറി ആര്.കെ.നവീന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
ഇവര്‍ക്കെതിരെ വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞ ദിവസമാണ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം അണിഞ്ഞാണ് ഇവർ എത്തിയത്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്യാവാക്യം വിളിക്കുകയും തുടർന്ന് എൽഡിഎഫ് കൺവീൻ ഇ.പി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വിമാനത്തിൽ പ്രതിഷേധിച്ചവർ മദ്യപിച്ചതിന് തെളിവില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജന്റെ വാദം പൊളിയുന്നു.
മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇരുവരും മദ്യപിച്ചതിന്റെ ലക്ഷണങ്ങളൊ തെളിവുകളും ഇല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
കൂടാതെ വിമാനത്താവളത്തിൽ വച്ച് ഇരുവർക്കും പ്രാഥമിക ശുശ്രൂഷ നൽകിയ ഡോക്ടറും പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞിട്ടില്ല.
അതേ സമയം വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ. നവീൻകുമാർ എന്നിവർക്കെതിരെ വധശ്രമ വകുപ്പ് കൂടി ചുമത്തി.
വിമാനത്താവള മാനേജറുടെ കത്തിന്റെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും പിഎയുടെയും മൊഴിയുടെ അടിസ്ഥാനത്തിലുമാണ് വലിയതുറ പോലീസ് പ്രവർത്തകർക്കെതിരെ വധശ്രമ കേസ് കൂടി ഉൾപ്പെടുത്തിയത്.