തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐ മുഖപത്രം ജനയുഗം. തിങ്കളാഴ്ചത്തെ പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് വിമർശനമുള്ളത്. തലസ്ഥാനത്ത് മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരണമടഞ്ഞ സംഭവത്തിലെ പോലീസ് നടപടികൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
വാഹനാപകടം നടന്ന സ്ഥലത്ത് പോലീസ് എത്താൻ വൈകിയതു മുതലുള്ള ഓരോ കാര്യങ്ങളും അക്കമിട്ടു നിരത്തിയാണ് വിമർശനങ്ങൾ.പോലീസിന്റെ പരസ്പര വിരുദ്ധമായ വിശദീകരണങ്ങളും നിലപാടുകളും പരിശോധിച്ചാൽ തന്നെ എന്തൊക്കെയോ കള്ളക്കളികള്‍ക്ക് അവർ ശ്രമിച്ചുവെന്ന് വ്യക്തമാകുമെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
വനിതയാണ് വാഹനമോടിച്ചതെന്ന് വരുത്താനുള്ള ശ്രമം, വനിതയെ ചോദ്യം ചെയാൻ വൈകിയത്, ശ്രീ റാമിന്റെ രക്ത പരിശോധന നടത്തിയില്ല, പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സ തേടുന്നതിനു അനുവദിച്ചു, പ്രഥമ വിവര റിപ്പോര്‍ട്ടിലും ബോധപൂര്‍വമായ പിശകുകള്‍ എഴുതിച്ചേര്‍ത്തു തുടങ്ങി സംഭവത്തിലെ പോലീസ് നടപടി ക്രമങ്ങളിലെ പിഴവുകൾ എണ്ണിപ്പറഞ്ഞാണ് സിപിഐ വിമർശനം.
കേരളം പ്രതീക്ഷിക്കുന്ന നടപടികളല്ല സംസ്ഥാനത്തെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന കുറ്റപ്പെടുത്തലും മുഖപ്രസംഗത്തിലുണ്ട്. ഇതിനു പുറമേ കസ്റ്റഡി മരണങ്ങൾ, സിപിഐ മാർച്ചിലെ ലാത്തിച്ചാർജ് എന്നീ വിഷയങ്ങളിലെ പോലീസ് നടപടികളെയും അതിരൂക്ഷമായാണ് മുഖപ്രസംഗം വിമർശിക്കുന്നത്.
ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന കസ്റ്റഡി മരണങ്ങളുടെയും അലംഭാവങ്ങളുടെയും നീതിരഹിതമായ നടപടികളുടെയും പേരില്‍ പോലീസ് സംവിധാനത്തിനാകെ നാണക്കേടുണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും അത് ഇടതു ഭരണത്തിന്റെ സല്‍പ്പേരിനെ ബാധിച്ചിട്ടുണ്ടെന്നും തുറന്നടിക്കുന്നുണ്ട് ജനയുഗം.
എറണാകുളത്ത് സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജും എംഎല്‍എയ്ക്ക് പോലും പരിക്കേല്ക്കാനിടയായതും സൃഷ്ടിച്ച വിവാദത്തിൽ കളക്ടറുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഗുരുതരമായ കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നത് നല്ലപ്രവണതയല്ലെന്നുമുള്ള വിമർശനത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.