തിരുവനന്തപുരം: സ്ത്രീധന പീഡനത്തിനിരയായി ജീവനൊടുക്കിയ വിസ്മയയുടെ ഭർത്താവ് കിരണ്‍കുമാറിനെ സർവീസിൽ നിന്നും സർക്കാർ പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ അന്വേഷണ വിധേയമായി ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കേരള സിവിൽ സർവീസ് ചട്ട 11 (8) പ്രകാരമാണ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
വിസ്മയ മരിച്ചതിന് പിന്നാലെ അറസ്റ്റിലായ കിരണ്‍ നിലവിൽ റിമാൻഡിലാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരണ്‍.
അറസ്റ്റിലായ ശേഷം ഇയാളോട് മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടിയിരുന്നു. ഈ വിശീദകരണം പരിശോധിക്കുകയും പോലീസ് അന്വേഷണത്തിൽ കുറ്റക്കാരനെന്ന് ഉറപ്പായ ശേഷവുമാണ് നടപടിയുണ്ടായത്.
കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ലെന്നും പെൻഷന് പോലും സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ നടപടിയിൽ സന്തോഷമുണ്ടൈന്ന് വിസ്മയയുടെ കുടുംബവും പ്രതികരിച്ചു.
കഴിഞ്ഞ ജൂണ്‍ 21-നാണ് വിസ്മയയെ കൊല്ലം നിലമേലിലെ കിരണിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും മർദ്ദനമേറ്റിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. പിന്നാലെയാണ് കുടുംബം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.