പറവൂർ: മകൾ വിനയ ഉയർന്ന മാർക്കോടെ എംബിബിഎസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയപ്പോൾ, നേടിയത് തട്ടുകട നടത്തി രാപ്പകൽ അധ്വാനിച്ച ഒരു അച്ഛന്റെ ജീവിത അഭിലാഷം.
പറവൂർ നിവാസികൾക്ക് എല്ലാം പരിചിതമാണ് മാക്കനായി സ്വദേശി നടേശന്റെ പറവൂർ ടിബിക്ക് മുന്നിലെ രാത്രി തട്ടുകട.
വൈകിട്ട് തുറന്നാൽ അർദ്ധരാത്രിയോളം കച്ചവടം നടത്തും. ചിലപ്പോഴെല്ലാം ഭാര്യ വസന്തകുമാരിയുടെ സഹായവും ഉണ്ടാകും.
ചൂടൻ വിഭവങ്ങളാണ് ഇവിടത്തെ പ്രത്യേകത. രണ്ടുപേരുടെയും ലക്ഷ്യം മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കുക എന്നതായിരുന്നു.
അതുകൊണ്ടു തന്നെ ഒന്നാം ക്ലാസോടെ മകൾ എംബിബിഎസ് കരസ്ഥമാക്കിയപ്പോൾ അവർക്കത് അഭിമാനമുഹൂർത്തമായി.
മൂത്തമകളാണ് എം.എന്‍. വിനയ. പുല്ലംകുളം എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നും പ്ലസ് ടു പാസായ വിനയക്ക് മെറിറ്റിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചത്.
അനുഗ്രഹ സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ ലഭിച്ചായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. ഹൗസ് സര്‍ജന്‍സിയും കോട്ടയം മെഡിക്കല്‍ കോളജിലില്തന്നെയായിരുന്നു.
വിനയയുടെ സഹോദരി അനുഷയും മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. കോഴിക്കോട് കെഎംസിസി ഡന്റൽ കോളജില്‍ മൂന്നാം വര്‍ഷ ബിഡിഎസിന് പഠിക്കുന്നു.
ഉന്നത വിജയം നേടിയ വിനയയെ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന് (സിഐടിയു) അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു.
സിഐടിയു. ജില്ലാ വൈസ് പ്രസിഡന്റും സിപിഎം ഏരിയ സെക്രട്ടറിയുമായ ടി.ആര്. ബോസ് ഉപഹാരം നല്കി. സി.എ. രാജീവ്, സി.എസ്. സുരേഷ്, കെ.സി. രാജീവ്, പി.എ. ഷെറീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.