സ്വന്തം ലേഖകൻ
തൃശൂർ: ഇരിങ്ങാലക്കുടയിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു ശേഷം കാണാതായ മൂത്ത മകനെ കണ്ടെത്താനായില്ല.
ഇരിങ്ങാലക്കുട നടവരന്പ് കല്ലംകുന്നിലാണ് കരുവാപ്പടി കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണന്റെ ഭാര്യ ചക്കന്പത്ത് രാജി(54), ഇളയ മകൻ വിജയ് കൃഷ്ണ(26) എന്നിവരെ അമ്മവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
രാജിയുടെ മൂത്തമകൻ വിനയ്കൃഷ്ണനെയാണ് കാണാതായിരിക്കുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് ജയകൃഷ്ണൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു. മരടിലെ ഒരു ഫ്ളാറ്റിലായിരുന്നു വിനയ്കൃഷ്ണൻ താമസിച്ചിരുന്നതെന്നും
എന്നാൽ ഫ്ളാറ്റും വാഹനവുമൊക്കെ ഉപേക്ഷിച്ച് ഇയാൾ എവിടേക്കോ പോയെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. രാജിയുടേയും വിജയ്കൃഷ്ണന്റെയും മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
വിനയ്കൃഷ്ണന്റെ തിരോധാനവും ഇവരുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും ഇല്ലെന്നാണ് നിഗമനം.
എന്തു കാരണത്താലാണ് വിനയ്കൃഷ്ണൻ എല്ലാവരിൽ നിന്നും മറഞ്ഞുനിൽക്കുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സാന്പത്തിക പ്രതിസന്ധിയാണ് അമ്മയുടേയും മകന്റെയും മരണത്തിലേക്ക് നയിച്ചതെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
വിനയ്കൃഷ്ണന്റെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ചും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങളിൽ ഇയാൾ ഇരിങ്ങാലക്കുട ഭാഗത്തേക്ക് അമ്മയുടേയും സഹോദരന്റെയും മരണം നടന്ന ദിവസം വന്നിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കാണാനില്ലെന്ന പരാതി മാത്രമാണ് ഇപ്പോൾ വിനയ്കൃഷ്ണന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ളത്.