കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിലെ 42കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.
കൊയിലാണ്ടി കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം മരിച്ചത് മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുകൊടുത്തതിനാലാണെന്ന് ഇവര്‍ ആരോപിക്കുന്നു.
ഇയാള്‍ മദ്യപിച്ചത് കൊയിലാണ്ടിയിലെ ഒരു ബാറിന് അടുത്തുള്ള അനധികൃത മദ്യവില്പന കേന്ദ്രത്തില്‍ നിന്നാണെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം ഇതേ ബാറിന് സമീപത്താണ് രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കരീമിനെ കണ്ടെത്തിയത്.
നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശരീരമാസകലം പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്നാണ് ബാറിന് സമീപത്തെ അനധികൃത മദ്യവില്‍പ്പന സംബന്ധിച്ച് നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നത്.
ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ബാറിലേതിന് സമാനമായി പെഗ്ഗ് വിലയ്ക്ക് മദ്യം വില്‍ക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
കടയില്‍ സ്ഥിരമായി വലിയ അളവില്‍ വിനാഗിരി സൂക്ഷിക്കാറുണ്ടെന്നും കരീമിന് വെള്ളത്തിന് പകരം വിനാഗിരി മദ്യത്തില്‍ ചേര്‍ത്ത് നല്‍കിയെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇതോടെ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിന്നാലെ പോലീസും ഫൊറന്‍സിക് വിഭാഗവും കടയിലെത്തി പരിശോധന നടത്തി.