1992ൽ ബംഗളൂരുവിൽ ഒരു ഓണാഘോഷം നടത്തിയിരുന്നു. അന്ന് എന്റെ ആദ്യത്തെ കന്നട സിനിമ സൂപ്പർ ഹിറ്റായി പ്രദർശിപ്പിക്കുകയാണ്. ആ പരിപാടിയിൽ മോഹൻലാൽ ചീഫ് ഗസ്റ്റായി എത്തിയിരുന്നു. ഞാനും ആ പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. മലയാളം അറിയുമോ തമിഴ് അറിയുമോ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. സത്യത്തിൽ അന്നാണ് അദ്ദേഹം എന്നെ നേരിട്ടു കാണുന്നത്.
എന്നാൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. പ്രസംഗത്തിനിടെ ഞാൻ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചെല്ലാം സംസാരിച്ചു. ഇതെല്ലാം അദ്ദേഹം കേട്ടിരുന്നു. ആ പരിപാടിക്കു ശേഷം ഏകദേശം രണ്ടു മാസം കഴിഞ്ഞാണ് ഫാസിൽ സാറിന്റെ പ്രൊഡക്ഷൻ മാനേജൻ എന്നെ വിളിക്കുന്നത്. മണിച്ചിത്രത്താഴ് സിനിമ ചെയ്യുന്നുണ്ട്, താങ്കൾക്ക് ഈ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു.
ഫാസിൽ, മോഹൻലാൽ ഈ പേരുകൾ കേട്ടാൽ ആരാണ് പറ്റില്ലെന്ന് പറയുന്നത്. അവിടെ എത്തിയപ്പോൾ ഫാസിൽ സാർ ആണ് പറഞ്ഞത് എന്നെ ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് മോഹൻലാൽ ആണെന്ന്. അതായത് ശ്രീദേവി എന്ന കഥാപാത്രം വിനയ ചെയ്താൽ വളരെ നന്നായിരിക്കും എന്ന് മോഹൻലാൽ സാർ ഫാസിൽ സാറിനോട് പറഞ്ഞു. മോഹൻലാൽ സാറിന് എന്റെ മുഴുവൻ പേര് പോലും അറിയില്ലായിരുന്നു, എന്നിട്ടും ആ സിനിമയിലേക്ക് എന്നെ പരിഗണിച്ചു.
-വിനയപ്രസാദ്