ഉത്തരേന്ത്യയിൽ വളരെ ആഘോഷപൂർവം നടത്താറുള്ള ചടങ്ങാണ് ഗണേശ ചതുർഥി. പത്ത് ദിവസത്തോളം നീണ്ടു നിൽക്കാറുള്ള ഈ ആഘോഷത്തിൽ ഗണപതിയുടെ ഇഷ്ട ഭക്ഷണമായ മോദകം, ലഡു എന്നിവ നിവേദ്യമായി അർപ്പിക്കാറുണ്ട്.
ഗണേശ ചതുർഥി ആഘോഷങ്ങൾ ഗംഭീരമായി അരങ്ങേറുമ്പോഴാണ് ഭക്തരെ ഒന്നടങ്കം ഞെട്ടിച്ച സംഭവമുണ്ടായത്. പ്രാദേശിക യുവജന സംഘമായ ഓംകാർ സേവാ സമിതി’ മദീനഗുഡ ദേശീയ പാതയിൽ നടത്തിയ ആഘോഷങ്ങൾക്കിടെ ഗണപതിക്ക് പുണ്യ നിവേദ്യമായി സംഘാടകർ 11 കിലോഗ്രാം തൂക്കമുള്ള ലഡ്ഡു സമർപ്പിച്ചിരുന്നു.
എന്നാൽ ഗണപതിക്ക് സമർപ്പിച്ച 11 കിലോഗ്രാം ഭാരമുള്ള ലഡ്ഡു അപ്രത്യക്ഷമായി. ഭക്തർ അമ്പരന്നു. ഭഗവാൻ അത് ഭോജിച്ചതാകാം എന്ന് ഭക്തരിൽ ചിലർ പറഞ്ഞു. മൂഷികൻ കൊണ്ടു പോയതാകാമെന്ന് മറ്റു ചിലരും അടക്കം പറഞ്ഞു. എന്നാൽ കാര്യത്തിന്റെ നിജ സ്ഥിതിയെ കുറിച്ച് സംഘാടകർ അന്വേഷണം ആരംഭിച്ചു.
സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം പുറത്തു വന്നത്. ഒരാൾ ലഡു മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ട് സംഘാടകർ അമ്പരന്നു.
കറുത്ത ടീ ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ലഡു എടുത്തുകൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. സംഭവത്തെ തുടർന്ന് സംഘാടകർ പൊലീസിന് പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇപ്പോൾ ലഡു മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.