നടന്‍ വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
സാധാരണ എന്തെങ്കിലും ചിത്രങ്ങളോ സ്‌ക്രീന്‍ഷോട്ടുകളോ ആയിരിക്കും വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക. ഇത്തവണ അതൊരു കുറിപ്പായി മാറിയപ്പോള്‍ ആരാധര്‍ക്കും അത് കൗതുകമായി.
‘ആശങ്കപ്പെടേണ്ട, ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും’ എന്നായിരുന്നു വിനായകന്റെ കുറിപ്പ്. ആരെക്കുറിച്ചാണ് പരാമര്‍ശമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നില്ല.
എന്നാല്‍, ഈ കുറിപ്പ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും നേരെയുള്ള കുത്താണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്ന സംശയം.
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ കേരളത്തിലെ സിനിമാമേഖലയില്‍ നടന്നു വരികയാണ്.
ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമോ അതോ ഒടിടി റിലീസ് ആണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സിനിമാലോകത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്.
തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും ഫിലിം ചേംബറുമായി ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നത്.
‘മരക്കാര്‍’ തിയറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന് ആന്റണി പെരുമ്പാവൂര്‍ നിര്‍ദ്ദേശിച്ചിരുന്നു.
തിയറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് തുകയായി 25 ലക്ഷം രൂപ നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ഉള്‍പ്പെടെയുളള നിരവധി ആവശ്യങ്ങള്‍ ആയിരുന്നു ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചത്.