കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിന് നടന് വിനായകനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ വിനായകനെ രാത്രിയോടെ ജാമ്യത്തില്‍ വിട്ടു.
വിനായകനും ഭാര്യയും തമ്മില്‍ ഫ്ലാറ്റില്‍ വച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോര്‍ത്ത് പോലീസ് തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ചാണ് നടന് രാത്രിയോടെ സ്റ്റേഷനിലെത്തി ബഹളം വെച്ചത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് 4.30ഓടെ കലൂര്‍ കതൃക്കടവിലുള്ള ഫ്ലാറ്റില്‍ നിന്നു വിനായകന് നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭാര്യയുമായുള്ള വഴക്കിനെക്കുറിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് ഫ്ലാറ്റിലെത്തി പോലീസ് സംഘം വിവരങ്ങള്‍ തേടി.
ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് വിനായകനും ഭാര്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തര്‍ക്കത്തിന് കാരണമെന്ന് മനസിലാക്കിയതോടെ പ്രശ്നം പറഞ്ഞ് പരിഹരിച്ച് പോലീസ് തിരികെപ്പോന്നു.
പിന്നീട് രാത്രി 7.30ഓടെ വിനായകന് മദ്യപിച്ച് സ്റ്റേഷനിലെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ പരാതി മാത്രമേ പോലീസ് പരിഹരിക്കുകയുള്ളോയെന്ന് ചോദിച്ചാണ് സ്റ്റേഷനിലേക്കെത്തിയത്.
തന്റെ വീട്ടില്‍ എത്തിയ വനിത പോലീസിനെ കാണണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ബഹളം വയ്ക്കുകയും പോലീസിനു നേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു.
വിനായകനെ ശാന്തനാക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
ഇവിടെയും ബഹളം വച്ചെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി തിരികെ സ്റ്റേഷനിലെത്തിച്ച ഇയാളെ രാത്രിയോടെ ജാമ്യത്തില്‍ വിടുകയായിരുന്നു.
ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. തന്നെ അസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു വിനായകന്റെ പ്രതികരണം.