കൊച്ചി: നടന് വിനായകന്റെ സഹോദരനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷ നിസാരക്കുറ്റം ചുമത്തി കൊച്ചി സിറ്റി ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപണം.
വല്ലാര്‍പാടം ഹാള്‍ട്ടിംഗ് സ്റ്റേഷന് പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 283-ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്ഐആര്‍. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്നലെ രാവിലെ 11.25 ന് എംജി റോഡ് മെട്രോ സ്റ്റേഷനു സമീപത്തുവച്ചാണ് പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തതെന്നാണ് വിക്രമന് പറയുന്നത്. പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുന്‍വൈരാഗ്യത്തോടെ പോലീസ് ഇടപ്പെട്ടു.
നീ നടന് വിനായകന്റെ ചേട്ടനല്ലേയെന്നു ചോദിച്ചായിരുന്നു പോലീസ് നടപടിയെന്നാണ് വിക്രമന്റെ ആരോപണം.
അതേസമയം, വിക്രമനെതിരേ ചുമത്തിയ കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ട്രാഫിക് വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഹണി കെ. ദാസ് പറഞ്ഞു.
എംജി റോഡ് മെട്രോ സ്റ്റേഷനു മുന്നില്‍ പാര്‍ക്കിംഗ് ഇല്ല. നിയമവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്തതിനും പെര്‍മിറ്റില്ലാത്ത സ്ഥലത്ത് സര്‍വീസ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടന് വിനായകന്റെ സഹോദരനാണ് വിക്രമന് എന്ന് അറിയില്ലായിരുന്നുവെന്നും അദേഹം വ്യക്തമാക്കി.
അതേസമയം, വിക്രമന് പോലീസിനോട് വളരെ മോശമായി പെരുമാറിയെന്നും പിഴയടക്കാന്‍ തയാറാകാത്തതുകൊണ്ട് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നുമാണ് പോലീസ് പറയുന്നത്.