കൽപ്പറ്റ:ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു. കോട്ടയം പാന്പാടി സ്വദേശിനിയായ ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് കേസ്. ഏപ്രിൽ 18നു യുവതി കൽപ്പറ്റയിലായിരുന്നപ്പോഴാണ് കേസിനു ആധാരമായ ഫോണ് വിളി.
കോട്ടയം പോലീസിലാണ് യുവതി പരാതി നൽകിയത്. സംഭവം നടന്നപ്പോൾ യുവതി വയനാട്ടിലായതിനാൽ പരാതി കൽപ്പറ്റ പോലീസിനു കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി കൽപ്പറ്റയിലെത്തിയ താൻ പഠനോപകരണ വിതരണ പരിപാടിയിലേക്കു ക്ഷണിക്കുന്നതിനു ഫോണ് ചെയ്തതിനു പിന്നാലെയാണ് തിക്താനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതി വിളിച്ചപ്പോൾ വിനായകൻ ഫോണ് എടുത്തിരുന്നില്ല.
നടൻ യുവതിയുടെ നന്പരിലേക്കു തിരിച്ചുവിളിച്ചാണ് അസഭ്യം വിളിച്ചതും അശ്ലീലച്ചുവയോടെ സംസാരിച്ചതും. സംഭാഷണം റെക്കോർഡ് ചെയ്തത് സൂക്ഷിച്ചിട്ടുണ്ടെന്നു യുവതി നേരത്തേ സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.