തൃശൂർ: പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതിനെതുടർന്ന് ജീവനൊടുക്കിയ വിനായകനെ പോലീസ് ക്രൂരമായി മർദിക്കുന്നതു കണ്ടുവെന്ന് ലോകായുക്തയിൽ സുഹൃത്ത് ശരത്ത് മൊഴി നൽകി. വിനായകനൊപ്പം പോലീസ് ശരത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. തങ്ങളെ ഇരുവരെയും സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.
വിനായകനെ കുനിച്ചുനിർത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചു, തലമുടി ചുഴറ്റി പിഴുതെടുക്കാൻ ശ്രമിക്കുകയും തല ശക്തിയായി ചുവരിൽ ഇടിക്കുകയും ചെയ്തു. ഇരുകവിളിലും വയറിലും ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകൾ കൊണ്ട് വിനായകന്റെ പെരുവിരലിൽ ചവിട്ടിയരച്ചുവെന്നും ശരത്ത് നൽകിയ മൊഴിയിൽ പറയുന്നു.
തന്നെയും പോലീസ് ക്രൂരമായി മർദിച്ചുവെന്ന് ശരത് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനു മുന്പാകെ മൊഴി നൽകി. 40 മിനിറ്റോളമെടുത്താണ് ശരത്തിന്റെ വിസ്താരം ലോകായുക്ത പൂർത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 17ന് പാവറട്ടി മാനിനക്കുന്നിൽനിന്നാണ് വിനായകനെയും ശരത്തിനെയും പാവറട്ടി പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച് ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് പിന്നീട് വിട്ടയച്ചത്. പ്രദേശത്ത് മോഷണങ്ങൾ നടക്കുന്നുവെന്നു പരാതിയുണ്ടെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തൊട്ടടുത്ത ദിവസം വിനായകനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഷയത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, സാജൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
വിനായകന്റെ പിതാവ് കൃഷ്ണൻ നൽകിയ പരാതിയിൽ ലോകായുക്ത നേരിട്ടു കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വിനായകനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൂടിയായ ശരത്തിന്റെ മൊഴിയെടുത്തത്. ജൂണ് ഒന്നുമുതൽ ജൂലൈ 18 വരെയുള്ള പരാതികളുടെ രജിസ്റ്റർ പാവറട്ടി പോലീസ് ഹാജരാക്കി. കേസ് നവംബർ മൂന്നിനു വീണ്ടും പരിഗണിക്കും. നേരത്തെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും വിനായകനു മർദനമേറ്റിരുന്നതായി മൊഴി നൽകിയിരുന്നു.