ഏങ്ങണ്ടിയൂർ: പോലീസ് കസ്റ്റഡിയിൽ നിന്നു വിട്ടയച്ചതിനു പിറകേ ആത്മഹത്യ ചെയ്ത വിനായകന്റെ മരണം സംബന്ധിച്ച അന്വേഷണം ഉൗർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നു. മുഖ്യമന്ത്രിയെ കാണാൻ സമയം അഭ്യർഥിച്ചുകൊണ്ട് കെ.വി. അബ്ദുൾഖാദർ എംഎൽഎയെ സമീപിച്ചിട്ടുണ്ട്. അവസരം ഒരുക്കിത്തരാമെന്ന് എംഎൽഎ സമ്മതിച്ചിട്ടുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
പോലീസ് മർദിച്ചതിനെത്തുടർന്നാണ് ആത്മഹത്യയെന്നാണ് ആക്ഷേപം. പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്താൻ തൽക്കാലം പരിപാടിയില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. കഴിഞ്ഞ ജൂലൈ 18 നാണ് വിനായകൻ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.
കേസ് അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചിന്റെ രണ്ടാമത്തെ സംഘമാണ്. നേരത്തയുള്ള സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ട് എസ്പി പി.എൻ. ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണ ചുമതല മാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏതാനും ദിവസം മുന്പ് പോലീസ് സംഘം വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.
മൂന്നു ദിവസംമുന്പ് കൃഷ്ണൻകുട്ടിയെ തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തി കൂടുതൽ വിവരങ്ങൾ ആരായുകയും ചെയ്തു. ആരോപണ വിധേയരായ രണ്ടു പോലീസുകാർ സസ്പെൻഷനിലാണ്. ഇവർ എഴുതി നൽകിയ മുപ്പതോളം ചോദ്യങ്ങൾക്കും കൃഷ്ണൻകുട്ടി മറുപടി നൽകിയിരുന്നു.