കോട്ടയം: പോലീസ് കസ്റ്റഡിയോലെടുത്തതിനു പിന്നാലെ ജീവനൊടുക്കിയ ദളിത് യുവാവ് വിനായകന് ക്രൂരമായ മർദനമേറ്റതായുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രൻ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ എസിപി തല അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നു കരുതാനാവില്ല.വിനായകന്റെ മാറിടങ്ങളിലും മുഖത്തും തലയിലും പാദങ്ങളിലും കൊടിയ മർദനമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രണ്ടു സാധാരണ പോലീസുകാരെ താത്കാലികമായി സസ്പെൻഡു ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വിനായകനെ കസ്റ്റഡിയിലെടുത്തപ്പോൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർക്കാർക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.