തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂര്‍ സ്വദേശിയായ ദളിത് യുവാവ് വിനായകന്റെ ദുരൂഹമരണക്കേസ് പുതിയ ദിശയിലേക്ക്. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജയോട് നേരില്‍ ഹാജരാവാന്‍ ലോകായുക്ത ആവശ്യപ്പെട്ടു. ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനാണ് കേസ് പരിഗണിച്ചത്.
കേസ് അന്വേഷിച്ചിരുന്ന പാലക്കാട് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിനെ ലോകായുക്ത നാലാം പ്രതിയാക്കിയതിന് പിന്നാലെ, ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ നടപടി. പട്ടികജാതി അതിക്രമ നിരോധന നിയമ വകുപ്പും, ആത്മഹത്യാ പ്രേരണ വകുപ്പും ചുമത്താതിരുന്നത് സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാണോ, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്ന് ചോദിച്ച ലോകായുക്ത, ഇങ്ങനെയെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് വാക്കാല്‍ പരാമര്‍ശവും നടത്തി.
കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് എസ്.പി ഉണ്ണിരാജയ്ക്ക് കൈമാറിയതിനെയും ലോകായുക്ത വിമര്‍ശിച്ചു. 2017 ജൂണ്‍ 17ന് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ 18നാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. വിനായകന്റെ മാതാപിതാക്കളും സഹോദരനും കോടതിയില്‍ ഹാജരായിരുന്നു.