ഏങ്ങണ്ടിയൂർ: വിനായകന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് പിതാവ് കൃഷ്ണൻകുട്ടി മന്ത്രി എ.കെ. ബാലനോട് ആവശ്യപ്പെട്ടു. പാവറട്ടി പോലീസ് മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യചെയ്ത വിനായകന്റെ വീട്ടിൽ സന്ദർശനം നടത്തിയ മന്ത്രി എ.കെ. ബാലനോട് പിതാവ് തന്റെ ആവശ്യം അറിയിച്ചത്.
ക്രൈംബ്രാഞ്ച് സ്പെഷ്യൽ സ്ക്വാഡ് കേസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞപ്പോൾ തനിക്ക് അത് വിശ്വാസമില്ലെന്നും, പോലീസിലെ തന്നെ ഒരു വിഭാഗമായ ക്രൈംബ്രാഞ്ച് കേസ് തേച്ചുമാച്ചുകളയുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. നിങ്ങൾക്കുവേണമെങ്കിൽ സ്വകാര്യ അന്യായം നൽകാമെന്നും വിനായകന്റെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.
ദളിത് എന്നുകേൾക്കുന്പോൾ ചില പോലീസുകാർക്ക് വിറളി പിടിക്കുന്നു. ഈ വിഭാഗക്കാർ പോലീസ് സ്റ്റേഷനുകളെ മൂന്നാംമുറ കേന്ദ്രങ്ങളാക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. മന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. അശോകൻ, പി.എം. അഹമ്മദ്, എം.എ. ഹാരീസ് ബാബു, കെ.ആർ. സാംബശിവൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, രമേശ് എന്നിവരും ഉണ്ടായിരുന്നു.