തൃശൂർ: പോലീസ് കസ്റ്റഡിയിലെ പീഡനത്തെതുടർന്ന് ഏങ്ങണ്ടിയൂരിൽ വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പാവറട്ടി പോലീസ് സ്റ്റേഷനിലെ സിപിഒമാരായ കെ. സാജൻ, ശ്രീജിത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആനി ജോണ് തള്ളിയത്.
ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. വിനായകനെയും സുഹൃത്ത് ശരത്തിനെയും പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ടു പീഡിപ്പിച്ചുവെന്നാണ് കേസ്. വിനായകന്റെ മുടിയിൽ പിടിച്ചുവലിച്ച് വട്ടം കറക്കുകയും രണ്ടു കാൽപാദങ്ങളിലും ബൂട്ടിട്ട കാലുകൾ കൊണ്ട് ചവിട്ടി ഞെരിക്കുകയും കുനിച്ചു നിർത്തി മുട്ടുകൈ കൊണ്ട് പുറത്തിടിച്ചും ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും ഇതേത്തുടർന്നുള്ള മനോവിഷമത്തിലാണ് വിനായകൻ ജീവനൊടുക്കിയതെന്നുമാരോപിച്ചാണ് പോലീസുകാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിനായകനു ക്രൂരമർദനമേറ്റുവെന്നു സാധൂകരിക്കുന്ന തെളിവുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. പാലക്കാട് സിബിസിഐഡി ആണ് കേസന്വേഷണം നടത്തുന്നത്. അന്വേഷണം പ്രാരംഭദശയിലായതിനാലും, മരണപ്പെട്ട വിനായകൻ എസ്സി വിഭാഗത്തിൽപ്പെട്ട ആളായതിനാലും, പ്രതികൾ പോലീസ് ഉദ്യോഗസ്ഥൻമാരായതുകൊണ്ടും ഈ സന്ദർഭത്തിൽ മുൻകൂർജാമ്യം അനുവദിക്കരുതെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബുവിന്റെ വാദം സ്വീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.