കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് നടന് വിനായകന് വീഡിയോ പോസ്റ്റു ചെയ്ത സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
ഇതിന്റെ ഫലം ലഭിച്ച ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ ദിവസം കലൂരിലെ ഫ്ളാറ്റിലെത്തി എറണാകുളം നോര്‍ത്ത് പോലീസ് നടനെ ചോദ്യം ചെയ്തിരുന്നു.
വിലാപയാത്ര സംബന്ധിച്ച മാധ്യമങ്ങളുടെ റിപ്പോര്ട്ടിംഗിനെക്കുറിച്ചാണ് താന്‍ ഫേസ്ബുക്ക് ലൈവ് ചെയ്തത്. അത് ഉമ്മന്‍ ചാണ്ടിയെ ഉദേശിച്ചായിരുന്നില്ല.
അത്തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നുമാണ് വിനായകന് പോലീസിനെ അറിയിച്ചത്. പോസ്റ്റ് തെറ്റായിപ്പോയെന്ന് മനസിലാക്കിയതോടെയാണ് വീഡിയോ പിന്‍വലിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം തന്റെ വീട് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വിനായകന് നല്കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അധിക്ഷേപ വീഡിയോയുമായി വിനായകന് രംഗത്തുവന്നത്.
തുടര്‍ന്ന് കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് സനല്‍ നെടിയത്തറ നല്കിയ പരാതിയില്‍ പോലീസ് വിനായകനെതിരേ കേസെടുക്കുകയായിരുന്നു.
കലാപമുണ്ടാക്കാനുള്ള ഉദേശത്തോടെ പ്രകോപനം നല്‍കുക, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.