ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷം! പക്ഷേ എല്‍ഡിഎഫിന്റെ തോല്‍വി ഞെട്ടിച്ചു കളഞ്ഞു; അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് നടന്‍ വിനായകന്‍ പറയുന്നു

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനും ഇതേ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും വിനായകന്‍ പറഞ്ഞു.

ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചു.

‘താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷെ എന്റെ പരിപാടി അതല്ല. എന്റെ തൊഴില്‍ അഭിനയമാണ്. പക്ഷെ എന്തിനെ കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ഞാന്‍ ജീവിക്കുന്നത് എന്നതിന് വരെ എനിക്ക് ചോദ്യമുണ്ട്’. വിനായകന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ല്‍ 19 സീറ്റും നേടി ഇത്തവണ ആധിപത്യമുറപ്പിച്ചത് യു.ഡി.എഫ് ആയിരുന്നു. എല്‍.ഡി.എഫ് ഒരു സീറ്റും നേടി. എന്നാല്‍ എന്‍.ഡി.എയ്ക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

കേന്ദ്രത്തില്‍ ബി.ജെ.പി 303 സീറ്റുമായി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസിനു ലഭിച്ചത് 52 സീറ്റ് മാത്രമാണ്. ഡി.എം.കെ 23 സീറ്റ് നേടിയപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, വൈ.എസ്.ആര്‍.സി.പി എന്നിവര്‍ 22 സീറ്റ് വീതം നേടി.

Related posts