കാണാൻ കൊള്ളാവുന്ന സിനിമകളൊന്നും ഇന്നിറങ്ങുന്നില്ലെന്ന് നടൻ വിനായകൻ. “കഴിഞ്ഞ 20 വർഷത്തിനിടയിൽ വന്ന സിനിമകളിൽ മനസിൽ തങ്ങി നിൽക്കുന്ന അഞ്ചു ചിത്രങ്ങൾ പെട്ടെന്ന് പറയാനാകുമോ? ഇല്ല. അതു തന്നെയാണ് ഇന്നത്തെ സിനിമകളുടെ കുഴപ്പവും.’
“1980കളും തൊണ്ണൂറിന്റെ തുടക്കവുമെല്ലാം നമ്മുടെ സിനിമയുടെ സുവർണകാലമായിരുന്നു. അന്നു താൻ എല്ലാ സിനിമകളും കാണുമായിരുന്നു. ഇന്നു കാണാൻ കൊള്ളാവുന്ന സിനിമകൾ ഇറങ്ങുന്നില്ല. അഭിനയത്തിൽ തിരക്കായതോടെ സിനിമ കാണൽ പൂർണമായും നിറുത്തി. വെറുതേ കളയാൻ സമയമില്ല എന്നതുകൊണ്ടാണിത്’- ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിനായകൻ വ്യക്തമാക്കി.
കഥ പൂർണമായും കേട്ടിട്ടല്ല താൻ ഒരു സിനിമയ്ക്കും ഡേറ്റ് നൽകുന്നതെന്നും വ്യക്തികളെ വിശ്വസിച്ച് പ്രോജക്ടുകൾ ഏറ്റെടുക്കുകയാണെന്നും വിനായകൻ പറഞ്ഞു. “സിനിമയുടെ തിരക്കഥയിൽ വിശ്വാസമില്ല. സിനിമ സംവിധാനം ചെയ്യുന്നയാൾ അതു ചെയ്യാൻ പ്രാപ്തനായ വ്യക്തിയാണോ എന്നു മാത്രമാണ് നോക്കാറ്’- നടപ്പു വ്യവസ്ഥിതികളോട് എന്നും മുഖം തിരിച്ചു നിൽക്കുന്ന വിനായകൻ തന്റെ നയം വ്യക്തമാക്കി.