കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന് വിനായകനെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. സംഭവത്തില്‍ വിനായകനെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. സംഭവത്തില്‍ പോലീസിന് നേരിട്ടും ഇ-മെയില്‍ മുഖേനയും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കലാപമുണ്ടാക്കനുള്ള ഉദ്ദേശത്തോടെ പ്രകോപനം നല്‍കുക, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെ വിനായകന്, “ചത്തുപോയ ഉമ്മന്‍ ചാണ്ടി ആരാണെന്നും ഉമ്മന്‍ ചാണ്ടിക്ക് ഇത്ര മാധ്യമശ്രദ്ധ ആവശ്യമില്ലെന്നും ചത്തുപോയവന് ചത്തുപോയി, എന്റെ അച്ഛനും ചത്തു നിന്റെ അച്ഛനും ചത്തു’ എന്ന് തുടങ്ങിയ അധിക്ഷേപ വാക്കുകള്‍ വീഡിയോയിലൂടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതോടെ വിനായകനെതിരേ നിരവധിപേര്‍ രംഗത്ത് വന്നു. പിന്നാലെ വിനായകന്റെ കലൂരുള്ള ഫ്ളാറ്റിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞു.