കൊച്ചി: തൃശൂർ ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് വിനായകൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളായ പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരേയുള്ളതെന്നു വിലയിരുത്തിയാണു സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
ഒന്നാം പ്രതി ചാവക്കാട് സ്വദേശി കെ. സാജൻ, രണ്ടാം പ്രതി തൃശൂർ പൂങ്കുന്നം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.കഴിഞ്ഞ ജൂലൈ 17 നാണ് വിനായകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടു വിട്ടയച്ചെങ്കിലും വിനായകൻ ആത്മഹത്യ ചെയ്തു.
പോലീസ് മർദനത്തെത്തുടർന്നുള്ള മനോവിഷമം മൂലമാണു വിനായകൻ ആത്മഹത്യ ചെയ്തെന്നു ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകി. തുടർന്നാണ് പോലീസുകാരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തങ്ങൾ വിനായകനെ മർദിച്ചില്ലെന്നും ആത്മഹത്യയ്ക്കു കാരണക്കാരല്ലെന്നും വ്യക്തമാക്കിയാണ് ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്.