പത്തനംതിട്ട: ഹിസ്റ്ററി ഓഫ് ജോയ് എന്ന ചലച്ചിത്രം ആമസോണ്‍ പ്രൈമിനു നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച് സംവിധായകന് വിനയന്.
ചിത്രത്തിന്റെ നിര്‍മാതാവായ കലഞ്ഞൂര്‍ ശശികുമാര്‍ കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി വിനയനെതിരേ ആരോപണം ഉയര്‍ത്തിയിരുന്നു. തന്റെ അനുവാദമില്ലാതെ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിനു ചിത്രം നല്‍കിയെന്നും താന്‍ വഞ്ചിക്കപ്പെട്ടുവെന്നുമായിരുന്നു ശശികുമാറിന്റെ ആരോപണം.
ഹിസ്റ്ററി ഓഫ് ജോയ് എന്ന ചലച്ചിത്രം താന്‍ സംവിധാനം ചെയ്തതല്ലെന്നും പിന്നെങ്ങനെ തനിക്ക് വില്‍ക്കാനാകുമെന്നും വിനയന് ചോദിക്കുന്നു. തന്റെ മകന് വിഷ്ണു വിനയ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ തന്റെ കൈയില്‍ നിന്ന് 50 ലക്ഷം രൂപ കടമായി ശശികുമാര്‍ വാങ്ങിയിട്ടുണ്ട്.
തനിക്കെതിരെ അദ്ദേഹം നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുവരികയാണെന്നും അതിന്റെ പേരില്‍ നിയമനടപടിക്ക് നോട്ടീസ് നല്‍കിയതായും വിനയന് പറയുന്നു. സിനിമയിലെ ശത്രുക്കള്‍ ശശികുമാറിനെ ആയുധമാക്കി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് വിനയന്റെ ആരോപണം.
ശശികുമാറിന്റെ മറുപടി
എന്നാല്‍ വിനയന്റെ വാദം ശരിയല്ലെന്നാണ് ശശികുമാറിന്റെ പക്ഷം. ചിത്രം സംവിധാനം ചെയ്തത് വിനയന് അല്ലെന്നതു ശരിയാണ്. മറ്റൊരു സംവിധായകനെ ഇതില്‍ കൊണ്ടുവന്നത് ആരാണെന്ന് ചലച്ചിത്ര മേഖലയിലെ എല്ലാവര്ക്കും അറിയാമെന്നും ശശികുമാര്‍ പറഞ്ഞു.
ഫിലിം ചേംബറില്‍ ഇക്കാര്യം താന്‍ ഇതിനു മുമ്പ് അറിയിക്കുകയും അവരുടെ ഇടപെടല്‍ ഉണ്ടായതുമാണ്. തനിക്കുണ്ടായ വഞ്ചനയെ സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു.
ചിത്രം ആമസോണിനു നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ ചതിവു സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഹിസ്റ്ററി ഓഫ് ജോയ് സിനിമയുമായി ബന്ധപ്പെട്ട് തനിക്ക് ഇപ്പോഴുണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം വിനയനു തന്നെയാണെന്നും ശശികുമാര്‍ ആരോപിച്ചു.
സിനിമയെടുക്കാന്‍ പോയി കടത്തിലായ താന്‍ ഇപ്പോള്‍ കിടപ്പാടമെങ്കിലും വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണെന്നും ശശികുമാര്‍ പറഞ്ഞു.