ഏറെനാളുകളായി മലയാള ചലച്ചിത്ര കൂട്ടായ്മയുമായി അത്ര രസത്തിലല്ല, സംവിധായകന് വിനയന്. ചലച്ചിത്ര രംഗത്തുനിന്ന് വിലക്കുകളും നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് വിനയന്. എന്നാല്‍ വിനയന് മലയാള സിനിമാ ലോകത്തുനിന്ന് പടിയിറക്കപ്പെട്ടതിന്റെ കാരണം പലര്‍ക്കുമറിയില്ല. ഇത്രയും വര്‍ഷമായിട്ടും തീരാത്ത പകയുമായി തന്നെ വേട്ടയാടുന്നവരുടെ പകയുടെ തുടക്കം എവിടെനിന്നാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ വിനയന്.
വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ വാര്‍ത്താസമ്മേളത്തിന്റെ ഒരു ചാനല്‍ ക്ലിപ്പിംഗ് പങ്കുവച്ചുകൊണ്ടാണ് വിനയന് പഴയ കാര്യങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ചത്. അമ്മയുടെ’ പ്രസിഡന്റ് ഇന്നസന്റ് ഈ വീഡിയോയില്‍ പറഞ്ഞ വാക്കുകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഇത്രയും വര്‍ഷമായിട്ടും തീരാത്ത പകയുമായി തന്റെ പിന്നാലെ കൂടിയവരുടെ പകയുടെ തുടക്കം എവിടെ നിന്നാണെന്ന് കൃത്യമായി മനസ്സിലാകുമെന്ന് പറഞ്ഞുകൊണ്ടാണ് വിനയന് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
ഈ വീഡിയോ ക്ലിപ്പു കാണൂ.. മലയാളസിനിമയിലെ ചില ചരിത്ര സത്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം… കഴിഞ്ഞ ദിവസം ഇതെനിക്ക് അയച്ചുതന്ന കൈരളി ചാനലിലെ സുഹൃത്തിനു നന്ദി..
14 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2004ല്‍, സിനിമയില്‍ ഒരു എഗ്രിമെന്റും നിബന്ധനകളും വേണ്ട ഞങ്ങള്‍ അതിനു സമ്മതിക്കില്ല എന്നു വാശിപിടിച്ച് ഷൂട്ടിംഗില്‍ സഹകരിക്കാതെ സമരം ചെയ്ത നടീനടന്മാരുടെ സംഘടനയായ ‘അമ്മയുടെ’ പ്രസിഡന്റ് ശ്രീ ഇന്നസന്റ് ഈ വീഡിയോയില്‍ പറഞ്ഞ വാക്കുകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഇത്രയും വര്‍ഷമായിട്ടും തീരാത്ത പകയുമായി എന്റെ പിന്നാലെ കൂടിയവരുടെ പകയുടെ തുടക്കം എവിടുന്നാണന്നു നിങ്ങള്‍ക്കു കൃത്യമായും മനസ്സിലാകും..
ഒരു സംഘടന എന്ന നിലയില്‍ ‘അമ്മ’ 2004 ല്‍ എടുത്ത നിലപാടു ശരിയല്ല എന്നു ഞാന്‍ പറഞ്ഞിരുന്നു .. ലക്ഷങ്ങളും കോടികളും അഡ്വാന്‍സ് കൊടുക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റും, റേറ്റും ഒക്കെ രേഖപ്പെടുത്തുന്ന ഒരുഎഗ്രിമെന്റ് വേണമെന്നു അന്നു പറഞ്ഞത് തെറ്റാണോ? ഇന്ന് അങ്ങനൊരു എഗ്രിമെന്റ് ഉണ്ടായിട്ടു പോലും നേരാംവണ്ണം ഒരു സിനിമ ചെയ്യാന്‍ ആരുടെ ഒക്കെ കാല് നിര്‍മ്മാതാവു പിടിക്കണം എന്ന കാര്യം ഓര്ക്കെണ്ടതാണ്.
2004ലേ എഗ്രിമെന്റ് വിഷയത്തില്‍ വിനയന് കുടെ നില്‍ക്കണമെന്നും അമ്മയുടെ നിസ്സഹകരണത്തെ അതിജീവിച്ച് ഒരു സിനിമ ചെയ്യണമെന്നും അന്ന് എന്റെ വീട്ടില്‍ വന്ന് അഭ്യര്‍ത്ഥിച്ചത് ഇന്ന് ഫിലിം ചേംബമ്പര് സെക്രട്ടറി ആയ ശ്രീ സാഗാ അപ്പച്ചനും, നിര്‍മ്മാതാക്കളായ സിയദ് കോക്കറും.
സാജന് വര്‍ഗ്ഗീസും ആയിരുന്നു.അന്നു പ്രൊഡക്ഷന്‍ കണ്ട്രോളറും ഇന്ന് നിര്‍മ്മാതാവുമായ ആന്‍േറാ ജോസഫും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ (അവരുടെ പേരുകള്‍ ഇവിടെഴുതാന്‍ കാരണം ഈ സംഭവങ്ങളുടെ നേര്‍സാക്ഷ്യം വ്യക്തമാക്കാന്‍ മാത്രമാണ്).
അവര്‍ പറഞ്ഞത് കൊണ്ട് മാത്രമല്ല ആ ഇഷ്യുവില്‍ അമ്മയുടെ ഭാഗത്തു ന്യായമില്ല എന്നെനിക്കും തോന്നിയതു കൊണ്ടാണ് പൃഥ്വിരാജിനെയും തിലകനെയും ലാലു അലക്സിനേയും ക്യാപ്റ്റന്‍ രാജുവിനേയും പുതുമുഖം പ്രിയാമണിയേും ഒക്കെ പങ്കെടുപ്പിച്ച് ‘സത്യം’ എന്ന സിനിമ ചെയ്തത്.
അതോടെ ആ സമരം പിന്‍വലിച്ച് നടീ നടന്മാര് എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറാകേണ്ടി വന്നു. അതോടെ അമ്മ നേതാക്കള്‍ക്കു മാത്രമല്ല അവരുടെ ആജ്ഞാനുവര്‍ത്തികളായി നിന്ന് കാര്യം കണ്ടിരുന്ന പ്രമുഖ സംവിധായകര്‍ക്കും വിനയന് ശത്രുപക്ഷത്തായി.
ഇന്നത്തേ പോലുള്ള കാലമല്ലായിരുന്നു അത്. സൂപ്പര്‍സ്റ്റാറുകളുടെ കാല്ക്കല് മലയാള സിനിമ സാഷ്ടാംഗം വീണിരുന്ന കാലം…. മേല്‍പ്പറഞ്ഞ നിര്‍മ്മാതാക്കള്‍ എന്റെ വീട്ടില്‍ വന്ന ദിവസം ഉച്ചയ്ക്ക് നടന് ജഗദീഷ് എന്നെ ഫോണില്‍ വിളിക്കുന്നു.
ഒരാള്‍ക്ക് വിനയനോട് ഒന്നു സംസാരിക്കണം എന്നു പറഞ്ഞ് അദ്ദേഹത്തിനു ഫോണ്‍ കൊടുക്കുന്നു.. ഫോണ്‍ വാങ്ങിയ അമ്മയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ശ്രീ മോഹന്‍ലാല്‍ വളരെ സ്നേഹപുര്‍വ്വം എന്നോടു സംസാരിച്ചു..
അന്നു വൈകിട്ട് ഗോകുലം പാര്‍ക്കില്‍ അവരെല്ലാം കുടി കൂടുന്നുണ്ടന്നും വിനയനും കൂടി ആ മീറ്റിംഗില്‍ വരാന്‍ പറ്റുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം വിളിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ഞാനെന്റെ നിലപാടു വ്യക്തമാക്കുകയും ചെയ്തിരുന്നു..
പക്ഷേ അതിനൊക്കെ… ഞാന്‍ ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്നു പ്രതീക്ഷിച്ചില്ല.. സാരമില്ല.. ഇതൊക്കെ ജീവിതത്തില്‍ ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടു കൂടി കണ്ടാല്‍ പ്രശ്നമില്ല… എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയത്തില്‍ ഞാന്‍ എക്കാലവും ശക്തമായ നിലപാട് എടുത്തിട്ടുണ്ട്.
അതില്‍ ലാഭനഷ്ടങ്ങള്‍ നോക്കിയിരുന്നില്ല.. പിന്നീട് അമ്മയുടെ സ്പോണ്സര്ഷിപ്പില് ‘ഫെഫ്ക’ എന്ന സംഘടന ഉണ്ടാകുകയും അതിന്റെ ഏക അജണ്ട വിനയന് എന്ന ‘ഏകാധിപതിയേ’ സിനിമയില്‍ നിന്നും കെട്ടു കെട്ടിക്കുക എന്നതാകുകയും ചെയ്തപ്പോള്‍ എന്നേ വീട്ടില്‍ വന്നു കണ്ട മേല്‍പ്പറഞ്ഞ സുഹൃത്തുക്കള്‍ ആരുടെ കൂടെ നിന്നു എന്നതും മറ്റൊരു ചരിത്ര സത്യം.. എനിക്കതിലൊന്നും ആരോടും ഒരു പരാതിയുമില്ല.. അവരൊക്കെ ഇപ്പഴും എന്റെ സുഹൃത്തുക്കളാണ്.
സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമോ അവരുടെ കൂടെയുള്ള പ്രമുഖരായ സംവിധായകര്‍ക്കൊപ്പമോ നിന്നാല്‍ കിട്ടുന്ന ഗുണം അവര്‍ക്കെല്ലാം അനഭിമതനായ വിനയനേ സപ്പോര്‍ട്ടു ചെയ്താല്‍ കിട്ടുമോ? പക്ഷേ ഇവരൊക്കെ കൂടി വിലക്കിയതില്‍ അല്ലായിരുന്നു എനിക്കു വിഷമം.. അങ്ങനെ വിലക്കാന്‍ അവര്‍ പറഞ്ഞു പരത്തിയ നുണകള്‍.. അപവാദങ്ങല്‍, വ്യക്തിഹത്യകള്‍..
ഇതിനെതിരേ ഒരു വാക്കു പറയാന്‍ സിനിമാ രംഗത്തെ ഒരാളുപോലും മുന്നോട്ടു വരാഞ്ഞ സാഹചര്യത്തിലാണ് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയേ എനിക്കു സമീപിക്കേണ്ടി വന്നത്.. അപവാദങ്ങള്‍ പറഞ്ഞു പരത്തിയ നുണയന്മാര്ക്ക് കമ്മീഷന്റെ മുന്നില്‍ ഏത്തമിടേണ്ടി വന്നു..
അവിടെ ഈ ശൂരന്മാര് മലക്കം മറിഞ്ഞു.. വിനയന് പ്രഗല്ഭ സംവിധായകനാണെന്നും അവര്‍ വിനയനേ വിലക്കിയിട്ടില്ലെന്നും ഈ കാലഘട്ടത്തില്‍ നാലു സിനിമകള്‍ വിനയന് റിലീസ് ചെയ്തെന്നുമാണ് മലയാള സിനിമയിലെ എന്റെ സുഹൃത്തുക്കള്‍ അവിടെ വാദിച്ചത്. ആ സിനിമകളൊക്കെ ഞാന്‍ എങ്ങനെയാണ് ചെയ്തു തീര്‍ത്തതെന്നും.. അതൊക്കെ മുടക്കാന്‍ ഈ കൂട്ടുകാര്‍ ഏതെല്ലാം വൃത്തികെട്ട രീതികള്‍ ഉപയോഗിച്ചെന്നും..
കോടതി ശരിയായ രീതിയില്‍ മനസ്സിലാക്കിയതുകൊണ്ടാണ് എല്ലാവരുടെയും പേരെടുത്ത് പറഞ്ഞ് പിഴ ഒടുക്കാന്‍ ശിക്ഷിച്ചത്. ‘അമ്മ’യെയും ‘ഫെഫ്ക’യെയും അതിലേ പ്രമുഖരെയും പ്രതികളാക്കിയാണ് ഞാന്‍ കേസു കൊടുത്തത്.. സത്യത്തില്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ അന്നത്തെ ഭാരവാഹികളായ ശ്രീ സാബു ചെറിയാനും സുരേഷ്കുമാറിനും എതിരേ വ്യക്തമായ തെളിവുണ്ടന്നും, അവരേകൂടി പ്രതിയാക്കണമെന്നും എന്റെ അഡ്വക്കേറ്റ് എന്നോടു പറഞ്ഞിരുന്നു..
അസ്സോസിയേഷന്റെ ലെറ്റര്‍പാഡില്‍ ഇവര്‍ ഒപ്പിട്ട് സൗത്തിന്ത്യന്‍ ഫിലിം ചേമ്പറിന് കത്തെഴുതിയിരുന്നു. എന്റെ സിനിമ നടത്തരുതെന്നും, എനിക്കു ക്യാമറ തന്ന രവിപ്രസാദിനെക്കൊണ്ട് ക്യാമറ പിന്‍വലിപ്പിക്കണമെന്നും ആയിരുന്നു ആ കത്ത്.. (ഇവര്‍ക്കു ശിക്ഷ കിട്ടാനായി ആ ഒരു തെളിവു മാത്രം മതിയായിരുന്നു).
അമ്മയേക്കളും, ഫെഫ്ക്കയേക്കാളും ആവേശത്തോടെ അവരേ സുഖിപ്പിക്കാനായി, നിര്‍മ്മാതാക്കളുടെ സംഘടന എടുത്തു ചാടിയതിന്റെ പിന്നില്‍ സംഘടനയുടെ തലപ്പത്തിരുന്ന ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമായിരുന്നു എന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കിയിരുന്നു.
ഇന്നും നടീനടന്മാരുടെ സംഘടക്കെതിരെ എന്തെങ്കിലും ചര്‍ച്ച വരുമ്പോള്‍ തന്നെ വേദി വിട്ട് ഇറങ്ങിപ്പോകാന്‍ പോലും തയ്യാറാകുന്ന ആ പഴയഗ്രൂപ്പു തന്നാണല്ലോ മാറിയും മറിഞ്ഞും നിര്‍മ്മാതാക്കളുടെ സംഘടന ഇപ്പോഴും നിയന്ത്രിക്കുന്നത്.
പക്ഷേ അതിന്റെ പേരില്‍ ഞാനിപ്പോള്‍ സജീവമായി നില്ക്കുന്ന എന്റെ സംഘടനയായ producerse aossciation നേ കോംപറ്റീഷന്‍ കമ്മീഷനില്‍ അമ്മയോടും ഫെഫ്കയോടുമൊപ്പം പ്രതിയാക്കി പിഴ അടപ്പിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല എന്നതാണു സത്യം..വേറൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ…ഇന്നത്തെ ഈ ആവേശം ഉണര്‍ത്തുന്ന ന്യൂ ജനറേഷന് പ്രളയം 11 വര്ഷങ്ങള്ക്കുമുന്പെ ‘തുടങ്ങുമായിരുന്നു..
സിനിമാ ഫോറ’മെന്ന മഹത്തായ ഒരു പദ്ധതിയേ ഇതേ producerse aossciation ഭാരവാഹികള്‍ മറ്റു പലര്‍ക്കും വേണ്ടി തച്ചുടച്ചു തരിപ്പണമാക്കിയില്ലായിരുന്നുവെങ്കില്ല്.. തീയറ്ററുകാരുടെ 50 ശതമാനം സാമ്പത്തിക ഷെയറോടെ അന്ന് ഒന്നരക്കോടി രൂപ വരെ ബഡ്ജറ്റുള്ള പുതുമുഖചിത്രങ്ങള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ രൂപീകരിച്ച സിനിമാഫോറത്തിന്റെ ചെയര്‍മാനായിരുന്നു ഞാന്‍.
തീയറ്റര്‍ ഉടമ ടി.ടി.ബേബി ജനറല്‍ കണ്‍വീനറും സാഗ അപ്പച്ചന് ഫിനാന്‍സ് കണ്‍വീനറുമൊക്കെയായി എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വലിയ കമ്മിറ്റിയായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞ് ആ ഫോറത്തോടു സഹകരിക്കരുത് എന്നു കാണിച്ച് അന്നത്തെ producser aossciation അയച്ച കത്ത് ഇന്നും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്..
ആര്‍ക്കു വേണ്ടിയാണ് പുതുമുഖ സിനിമകളുടെ ആ സംരംഭം അന്ന് വേണ്ടന്നു വച്ചത്? കുന്നംകുളം തീയറ്റര്‍ ഉടമയായ ശ്രീ ടി.ടി ബേബിയേ ഒന്നു വിളിച്ചു ചോദിച്ചാല്‍ ഏതു സിനിമാക്കാരനേയും വേദനിപ്പിക്കുന്ന ആ വിവരം അറിയാന്‍ കഴിയും. മലയാള സിനിമയ്ക്കു വേണ്ടി ഒത്തിരി ത്യാഗം സഹിച്ചെന്നു പറയുന്ന പലരും ആര്‍ക്കുവേണ്ടിയാണ് ത്യഗം ചെയ്യുന്നതെന്ന് മലയാള സിനിമാ ചരിത്രം മറന്നു പോകുന്നവര്‍ ഒന്നോര്‍ക്കട്ടെ എന്നു കരുതിയാണ് യാതൊരു അതിശയോക്തിയുമില്ലാതെ സത്യസന്ധമായി ചിലകാര്യങ്ങള്‍ ഇവിടെ കുറിച്ചത്.
ഫിലിം ചേംബറിനോടുള്ള ദേഷ്യം തീര്‍ക്കന്‍ വേറെ ചേംബര്‍ തുടങ്ങുമെന്നു വരെ ചിലര്‍ പറഞ്ഞപോഴും ബാലിശമായ ആ നീക്കത്തെ ഞാന്‍ എതിര്‍ത്തിരുന്നു.. സിനിമയില്‍ ഇന്നും സംഭവിക്കുന്ന പല അപചയങ്ങള്‍ക്കും കാരണം നിലപാടുകള്‍ ഇല്ലാത്ത സ്വാര്‍ത്ഥരായ വ്യക്തികളുടെ പ്രവര്‍ത്തികളാണ്.
അവരുടെ കൂട്ടായ്മക്കാണ് ഭൂരിപക്ഷവും പബ്ലിസിറ്റിയും എന്നതുകൊണ്ട് അവര്‍ക്ക് എന്നും ഇതു തുടരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കണ്ട.. കാവ്യനീതി എന്നൊന്നുണ്ട്. ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട് സമയം ഇല്ലാത്തതിനാല്‍ പിന്നീടാകട്ടെ.. നന്ദി.. നമസ്കാരം…വിനയന്…..