കൊച്ചി: വിവാദമായ ‘ഈശോ’ സിനിമയുടെ പേര് മാറ്റാന്‍ നാദിര്‍ഷ തയാറായെന്നു സംവിധായകന് വിനയന്.
എന്നാല്‍ ഇക്കാര്യം ആലോചിക്കാമെന്നു മാത്രമാണു താന്‍ പറഞ്ഞതെന്നും പേര് മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും സിനിമയുടെ സംവിധായകന് നാദിര്‍ഷ.
വിവാദങ്ങള്‍ ഒഴിവാക്കുക എന്ന തലക്കെട്ടോടെ വിനയന് തന്റെ ഫേസ്ബുക്ക് പേജിലാണു സിനിമയുടെ പേര് മാറ്റാന്‍ നാദിര്‍ഷ തയാറാണെന്ന് അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ അവസാന ഭാഗം ഇങ്ങനെ: ‘ആരെയെങ്കിലും ഈശോ എന്ന പേര് വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടു ഞാനാ ഉറപ്പു തരുന്നു…
പേര് മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന് നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല… പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ…’
സിനിമയ്ക്കു പേരിട്ടതു താന്‍ മാത്രമല്ലെന്നും നിര്‍മാതാവും സ്ക്രിപ്റ്റ് റൈറ്ററും നായകൻ ജയസൂര്യയുമെല്ലാം ആലോചിച്ചാണെന്നും നാദിര്‍ഷ പറഞ്ഞു.
അവരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. വിനയന് സാറിനോടു പേരുമാറ്റുന്ന കാര്യം ശ്രമിക്കാമെന്നാണു പറഞ്ഞത്.
ഫെഫ്ക, മാക്ട എന്നിവരുമായും ആലോചിക്കേണ്ടതുണ്ട്. വിശ്വാസത്തിനും വിശ്വാസികള്‍ക്കും താന്‍ എതിരല്ലെന്നും നാദിര്‍ഷ പറഞ്ഞു.