പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് നിർമാതാവ് ശശി അയ്യൻചിറയ്ക്ക് വേദിയിൽ ഇടം നൽകാത്തതിനെ വിമർശിച്ച് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ തന്റെ പ്രതിഷേധം അറിയിച്ചത്.
കെട്ടിടം പണിയാനുള്ള സ്ഥലം വാങ്ങിയ ശശി അയ്യൻചിറ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് പുറത്ത് ടിവിയിലാണ് കണ്ടതെന്നും അദ്ദേഹത്തെക്കൊണ്ട് ഒരു വാക്ക് പോലും ആ ചടങ്ങിൽ പറയിക്കാഞ്ഞത് നന്ദികേടായി പോയെന്നും വിനയൻ കുറിച്ചു. അദ്ദേഹം വാങ്ങിയ സ്ഥലത്തിന് ആധാരമില്ല എന്ന ആരോപണമുന്നയിച്ച് ആറ് വർഷം മുൻപ് ശശിയെ ഒരു കള്ളനാക്കിയാണ് ജനറൽ ബോഡിയിൽ നിന്ന് ഇറക്കി വിട്ടത്. ആറ് വർഷം മുൻപ് നിരവധി മന്ത്രിമാർ പങ്കെടുത്ത ഈ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാതെ ബഹിഷ്ക്കരിച്ച നേതാക്കന്മാരാണ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വലിയ വായിൽ നേട്ടം പറഞ്ഞത്.
ശശി രണ്ടു കോടി രൂപയ്ക്ക് തീർക്കാൻ തുടങ്ങിയ കോണ്ട്രാക്ട് ഏഴര കോടി വരെ ആയെങ്കിൽ ഉദ്ഘാടന വേദിയിലിരുന്നവരെ കുറിച്ച് ആരെങ്കിലും അഴിമതിയുടെ സംശയം ഉന്നയിച്ചാൽ അവരെ തെറ്റുപറയാൻ പറ്റുമോ എന്ന് വിനയൻ ചോദിച്ചു. സാധാരണ അംഗത്തിന്റെ സാറ്റലൈറ്റ് റൈറ്റ് പിച്ചകാശിനു പോലും പോകാതിരിക്കുമ്പോൾ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തല്ലിപ്പൊളി ചിത്രങ്ങൾ ലക്ഷങ്ങൾക്കും കോടികൾക്കും വിൽക്കുന്നത് സംഘടനയുടെ പേരിൽ നടത്തുന്ന അഴിമതിയല്ലേ.
എല്ലാ അംഗങ്ങളുടെയും വിയർപ്പിന്റെ വിലയായ ഓഫീസിന്റെ ഉദ്ഘാടനം ഒരു വിഭാഗത്തിന്റെ മാത്രം വിജയമാക്കി മാറ്റി 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് തട്ടാൻ ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ നിർമാതാക്കളെ അത്ര അണ്ടർഎസ്റ്റിമേറ്റ് ചെയ്യേണ്ടെന്നും വിനയൻ കുറിപ്പിൽ ഓർമിപ്പിക്കുന്നുണ്ട്.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരം തിങ്കളാഴ്ച കൊച്ചിയിലാണ് ഉദ്ഘാടനം ചെയ്തത്. നടന്മാരായ മധു, മമ്മൂട്ടി, മോഹൻലാൽ എന്നിവരായിരുന്നു ചടങ്ങിലെ മുഖ്യാതിഥികൾ. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സംവിധായകരായ വിനയൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.