ഇരിങ്ങാലക്കുട: നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ ഭാരവാഹിത്വം ദീർഘകാലം വഹിച്ച ഇന്നസെന്റിനും ഇപ്പോൾ മുഖ്യ ചുമതല വഹിക്കുന്ന ഇടവേള ബാബുവിനും അവരുടെ ജന്മനാട്ടിൽ സംവിധായകൻ വിനയനിൽനിന്നും കടുത്ത വിമർശനം.
സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും വിവിധങ്ങളായ ട്രേഡ് യൂണിയനുകളുടെ മികച്ച സംഘാടകനുമായിരുന്ന ടി.എൻ. നന്പൂതിരിയുടെ 40-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് സപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും ടി.എൻ. സ്മാരക സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്പോഴായിരുന്നു സംവിധായകന്റെ വിനയന്റെ വിമർശനം.
ഏറ്റവും കൂടുതൽ ഫാസിസം നിലനിൽക്കുന്ന മേഖലയാണ് സിനിമയെന്ന് പറഞ്ഞുകൊണ്ട ാണ് വിനയൻ നടൻ തിലകന്റെ വിലക്കും ദിലീപിനെ അമ്മ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട സംഭവങ്ങൾ ചൂണ്ട ിക്കാട്ടി സിനിമയിലെ താരചക്രവർത്തിമാരെ കടന്നാക്രമിച്ചത്. തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും സിനിമയിൽ നിന്നും വിലക്കുകയും ചെയ്തപ്പോൾ സുകുമാർ അഴീക്കോട് മാത്രമാണ് തിലകനു തുണയായിരുന്നത്.
അന്ന് തിലകനെ വിലക്കിയവർ ഇന്ന് കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തിരിക്കുകയാണ്. രാഷ്ട്രീയ മേഖലയിൽനിന്നും സിപിഎം നേതാവ് കാനൻ രാജേന്ദ്രൻ മാത്രമാണ് തങ്ങൾക്ക് പിന്തുണയേകിയത്.
തിലകനെ വിലക്കിയതിനെതിരെ കോന്പറ്റീഷൻ കമ്മീഷനെ സമീപിച്ച് അമ്മ ഭാരവാഹികൾക്ക് ഫൈൻ വാങ്ങിച്ചുകൊടുക്കുവാൻ തനിക്ക് കഴിഞ്ഞുവെന്നും ഇപ്പോൾ ഇതിനെതിരെ അമ്മ ഭാരവാഹികൾ അപ്പീലിനു പോയിരിക്കുകയാണെന്നും ഒൻപതു വർഷങ്ങൾക്കു ശേഷമാണ് തനിക്ക് ഇപ്പോൾ സിനിമ ചെയ്യാൻ സാധിക്കുന്നതെന്നും വിനയൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിടുന്നവരെ അറസ്റ്റ് ചെയ്യുന്നതും ഫാസിസമാണെന്നും ഇതിനെ നാം എതിർക്കണമെന്നും വിനയൻ പറഞ്ഞു. 2018 ലെ ടി.എൻ. നന്പൂതിരി അവാർഡ് നാടൻപാട്ട്, ഓണക്കളി കലാകാരൻ തേശേരി നാരായണന് സമ്മാനിച്ചു. ടി.എൻ. സ്മാരകസമിതി സെക്രട്ടറി കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി.ആർ. രമേശ്കുമാർ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്സിൽ അംഗം എം.ബി. ലത്തീഫ്, തേശേരി നാരായണൻ, എൻ.കെ. ഉദയപ്രകാശ്, ഇ. ബാലഗംഗാധരൻ, കെ.വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.