തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്റിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നു പോലീസ്. എംഎൽഎ വീട്ടമ്മയെ വിളിച്ച ഫോണ് സംഭാഷണത്തിന്റെ രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച ശേഷമാണു പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്. ഈ തെളിവുകൾ വച്ച് പ്രത്യേക ചോദ്യാവലി തയാറാക്കിയായിരുന്നു ചോദ്യം ചെയ്യൽ.
ചോദ്യംചെയ്യലിൽ എംഎൽഎ ആരോപണങ്ങൾ നിഷേധിച്ചു. വീട്ടമ്മയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെ ങ്കിലും ഇവരെ പീഡിപ്പിച്ചിട്ടില്ലെന്ന് എംഎൽഎ ആവർത്തിച്ചു പോലീസിനോടു വ്യക്തമാക്കി. ഇതോടെ പോലീസ് ഫോണ് രേഖകളെക്കുറിച്ചു സംസാരിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിൻസെന്റ് വീട്ടമ്മയെ ഫോണിൽ വിളിച്ചതായുള്ള തെളിവുകൾ പോലീസ് നിരത്തി. എന്നാൽ ഇതിൽ 600 കോളുകളും വീട്ടമ്മ തന്നെ വിളിച്ചതാണെന്ന് എംഎൽഎ പറഞ്ഞു. മജിസ്ട്രേറ്റിനും പോലീസിനും പിന്നെ ഡോക്ടർക്കും പരാതിക്കാരിയായ വീട്ടമ്മ ഒരേ മൊഴിയാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് മാനസിക വിഭ്രാന്തിയാണെന്ന എംഎൽഎയുടെ ആരോപണം അംഗീകരിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, തന്റെ ഭാഗം തെളിയിക്കാനുള്ള തെളിവുകൾ നിരത്താൻ എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെയാണ് എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് പോലീസ് നീങ്ങിയത്.
ബാലരാമപുരത്തെ കടയിൽ കടന്നുകയറി എംഎൽഎ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ മജിസ്ട്രേറ്റിനും പോലീസിനും മൊഴി നൽകിയിരുന്നു. ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും വീട്ടമ്മ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ വീട്ടമ്മയുടെ സഹോദരനെ എംഎൽഎ ഫോണിൽ വിളിച്ച ശബ്ദരേഖയും പുറത്തു വന്നിരുന്നു. സംഭവം പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് വിൻസെന്റ് എംഎൽഎ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. ഒരു മെഡിക്കൽ ക്യാന്പിൽ പങ്കെടുത്ത വീട്ടമ്മയുടെ ഫോണ് നന്പർ കൈവശപ്പെടുത്തിയ ആരോ ഒരാൾ അവരെ നിരന്തരം അവരെ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ചാണ് എം. വിൻസന്റ് ഫോണ് നന്പർ വാങ്ങിയതെന്നും പിന്നീട് നിരന്തരം വിളിച്ചതെന്നുമാണു പരാ തി.അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തതോടെ വീട്ടമ്മ എംഎൽഎയുടെ ഫോണ് നന്പർ ബ്ലോക്ക് ചെയ്തതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.