തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്റിനു ജാമ്യം. തിരുവന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 34 ദിവസത്തെ റിമാൻഡിനുശേഷം ഉപാധികളോടെയാണ് എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചത്. എംഎൽഎയോട് പരാതിക്കാരിയുടെ വാർഡിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു.
കർശന ഉപാധികളോടെ എംഎൽഎയ്ക്കു ജാമ്യം അനുവദിക്കാമെന്നു പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരിയായ സ്ത്രീ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നു വിന്‍സെന്റിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചുരുന്നു. ഇതേതുർന്നാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് വീട്ടമ്മയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎ ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ ആത്മഹത്യക്കു ശ്രമിച്ചതെന്നു ചൂണ്ടിക്കാട്ടി ഭർത്താവ് പോലീസിനു പരാതി നൽകുകയായിരുന്നു.