തൃശൂർ: കൃഷിയിലൂടെ ജീവകാരുണ്യ സന്ദേശം കൂടി പകരുകയാണ് അമ്മാടം സെന്റ് ആന്റണീസ് ദേവാലയത്തിലെ സെന്റ് വിൻസെന്റ് ഡി പോൾ സംഘടന അംഗങ്ങൾ. ഇവരുടെ നേതൃത്വത്തിൽ ജൈവരീതിയിൽ കൃഷി ചെയ്ത കപ്പയുടെ വിളവെടുപ്പ് നടത്തി. കപ്പ വിറ്റു ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനൊരുങ്ങുകയാണ് അംഗങ്ങൾ.
സ്വാന്ത്ര്യസമര സേനാനി പോൾസന്റെ മകൻ ആന്റണി പോളിന്റെ ഒന്നര ഏക്കർ സ്ഥലത്താണ് ആറു മാസം കപ്പ കൃഷി ചെയ്തത്. ആദ്യ പകുതിയോളം വിളവെടുത്തപ്പോൾ 1500 കിലോയിൽ അധികം കപ്പ സംഭരിക്കാൻ കഴിഞ്ഞു. കപ്പയുടെ വില്പന ഉദ്ഘാടനം സെന്റ് ആന്റണീസ് പള്ളി അങ്കണത്തിൽ വികാരി ഫാ. ആന്റണി ആലുക്ക നിർവഹിച്ചു.
കപ്പവില്പനയിൽ നിന്നു ലഭിക്കുന്ന വരുമാനം നിർധനരായ കുടുംബങ്ങൾക്കു നോന്പുകാല പരിത്യാഗ സഹായം ചെയ്യുമെന്നു സംഘടനാ ഭാരവാഹികളായ ബസന്ത് ബാബു, നവിൻ എന്നിവർ അറിയിച്ചു. 25 ഓളം അംഗങ്ങൾ ചേർന്ന് പള്ളി ട്രസ്റ്റിമാരുടെ സഹകരണത്തോടെയായിരുന്നു കൃഷി.