തൃശൂർ: വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സോപ്പിന്റെ കണ്ടുപിടിത്തത്തിനു പേറ്റന്റ് ലഭിച്ചു. കാട്ടൂർ കാരാഞ്ചിറയിൽ ചിറ്റിലപ്പിള്ളി വീട്ടിൽ വിൻസന്റാണു സോപ്പിന്റെ നിർമാതാവ്. വെള്ളത്തേക്കാൾ സാന്ദ്രത കുറവായതിനാലാണു സോപ്പ് പൊങ്ങിക്കിടക്കുന്നത്.
വെള്ളത്തിന്റെ സാന്ദ്രതയായ ഒന്നിനേക്കാൾ താഴെ(0.878)യാണു ഫ്ളോട്ടിംഗ് സോപ്പിന്റെ സാന്ദ്രത. ചില രാസപദാർഥങ്ങൾ സംയോജിപ്പിച്ചു സോഡിയം ഹൈഡ്രോക്സൈഡിന്റെ സ്വഭാവം നിലനിർത്തിയും സാന്ദ്രത കുറയ്ക്കാൻ ടാർട്ടാറിക് ആസിഡ്, സോഡിയം ക്ലോറൈഡ്, ചാർക്കോൾ എന്നിവ ഉപയോഗിച്ചു 73.7 ശതമാനം ടോട്ടർ ഫാറ്റിമാറ്റർ (ടിഎഫ്എം) നിലനിർത്തിയുമാണു സോപ്പ് നിർമിക്കുന്നത്.
14 വർഷത്തെ നിരന്തര ശ്രമഫലമായാണു ഫ്ലോട്ടിംഗ് സോപ്പ് സാങ്കേതികത വികസിപ്പിച്ചെടുത്തത്. ഒരു ബാത്തിംഗ് സോപ്പിന് ഇതാദ്യമായാണു പേറ്റന്റ് ലഭിക്കുന്നതെന്നു വിൻസന്റ് അവകാശപ്പെട്ടു. 2008ലാണു നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ മുഖേന പേറ്റന്റിന് അപേക്ഷിച്ചത്.
2009ൽ തദ്ദേശീയ ശാസ്ത്രജ്ഞർക്കുള്ള രാഷ്ട്രപതിയുടെ നാഷണൽ ഇന്നോവേഷൻ അവാർഡ് നേടിയിട്ടുണ്ട്. സോപ്പുനിർമാണത്തിനു മണ്ണംപേട്ടയിൽ ആരംഭിച്ച കന്പനിയിൽനിന്ന് ജനുവരിയിൽ സോപ്പ് വിപണനം ആരംഭിക്കും.